തലസ്ഥാനത്ത് വൻ ആശങ്ക: 400ന് അടുത്തെത്തി രോഗികളുടെ എണ്ണം, മറ്റ് മൂന്ന് ജില്ലകളിലും സ്ഥിതി അതിരൂക്ഷം

Sunday 02 August 2020 6:23 PM IST

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് മൂലമുള്ള ആശങ്ക രൂക്ഷമാകുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 377 പേർക്കാണ് കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ജില്ലയിൽ രോഗം മൂലം ചികിത്സയിലിരിക്കുന്ന ആളുകളുടെ നിലവിലെ എണ്ണം 3500ലേക്കാണ് അടുക്കുന്നത്. അതേസമയം എറണാകുളം, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലെ ഇന്നത്തെ രോഗികളുടെ എണ്ണം മൂന്നക്കം കടന്നുവെന്നതും ആശങ്കയ്ക്ക് വക നൽകുന്നുണ്ട്.

മൂന്ന് ജില്ലകളിലും ഇന്ന് നൂറിന് മുകളിലാണ് രോഗികളുടെ എണ്ണം. എറണാകുളത്ത് 128 പേർക്കും, മലപ്പുറത്ത് 128 പേർക്കും, കാസർകോട്ട് 113 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ എറണാകുളത്ത് 79 പേരും മലപ്പുറത്ത് 113 പേരും കാസർകോട്ട് 110 പേരും സമ്പർക്ക രോഗികളാണ്. ഇന്ന് മാത്രം കേരളത്തിൽ 1169 പേർക്കാണ് കൊവിഡ് രോഗം വന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 991 കേസുകൾ സമ്പർക്കം. മൂലമുള്ളതാണ്.

മറ്റു ജില്ലകളിലെ കണക്കെടുക്കുകയാണെങ്കിൽ കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.