ഇരവിപേരൂര്‍ വരാല്‍പാലം - മണ്ണേറ്റ് തോട് പുനരുജ്ജീവിപ്പിക്കണം

Monday 03 August 2020 1:37 AM IST

തിരുവല്ല: മണിമലയാറ്റിലെ മണ്ണാട്ട് കടവില്‍ നിന്നും ആരംഭിച്ച് വരാല്‍ പാലത്തിനടിയിലൂടെ മണ്ണേറ്റ് പാടശേഖരത്തിലേക്ക് എത്തിച്ചേരുന്ന വരാല്‍തോട് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പണ്ടുകാലത്ത് ഈ പാടശേഖരങ്ങളില്‍ നിന്ന് കരിമ്പും നെല്ലും പടിഞ്ഞാറന്‍ മേഖലകളിലേക്ക് വള്ളങ്ങളില്‍ കൊണ്ടുപോയിരുന്നത് ഇതുവഴിയായിരുന്നു.വെള്ളപ്പൊക്കം നിയന്ത്രണത്തിലും ഈ തോട് പ്രധാന പങ്കു വഹിച്ചിരുന്നു.അനധികൃത കൈയേറ്റവും മാലിന്യങ്ങളും എക്കലും നിറഞ്ഞതോടെ ഇപ്പോള്‍ ഈ തോടിന്റെ പല ഭാഗങ്ങളും ഇല്ലാതായിരിക്കുകയാണ്.പൂവപ്പുഴ -പാടത്തുപാലം തോട് പുനരുജ്ജീവിപ്പിച്ച മാതൃകയില്‍ ഈ തോടും വീണ്ടെടുത്താല്‍ രണ്ടാം വാര്‍ഡിലെ വെള്ളപ്പൊക്ക ഭീഷണി കുറയും.നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പാതയുടെ അലെയ്‌മെന്റില്‍ വരുന്ന ഭാഗത്ത് തോട് ഇല്ലാതായിരിക്കുകയാണ്.റെയില്‍ ലൈനിനുവേണ്ടി ഈ ഭാഗം മണ്ണിട്ടുയര്‍ത്തിയാല്‍ ലൈനിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. വരാല്‍തോട് അടിയന്തരമായി പുനരുജ്ജീവിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ജില്ലാ കമ്മിറ്റി അംഗവും ഇരവിപേരൂര്‍ മണ്ഡലം പ്രസിഡന്റുമായ തമ്പു പനോടില്‍ ആവശ്യപ്പെട്ടു.