വില കരകയറുമെന്ന പ്രതീക്ഷയിൽ കറുത്തപൊന്ന്

Monday 03 August 2020 3:52 AM IST

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച വില്പനമാന്ദ്യത്തിൽ നിന്ന് ഉത്സവകാലത്ത് കരകയറാമെന്ന പ്രതീക്ഷയിൽ കുരുമുളക് വിപണി. സാധാരണ ഈദ് കാലത്ത് ഉത്തരേന്ത്യയിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിക്കേണ്ടതാണെങ്കിലും ഇക്കുറി കൊവിഡ് നിരാശപ്പെടുത്തി. പ്രമുഖ വിപണികളായ മഹാരാഷ്‌ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഒട്ടേറെ മേഖലകൾ കണ്ടെയ്‌ൻമെന്റ് സോണുകളായതാണ് പ്രധാന തിരിച്ചടി.

മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി ഈദിന് വില്പനയിടിവ് 50 ശതമാനത്തോളം വരുമെന്ന് വിതരണക്കാർ പറയുന്നു. അതേസമയം, ഈമാസം രക്ഷാബന്ധനോട് കൂടി ആരംഭിക്കുന്ന ഉത്സവകാല സീസൺ മികച്ച വില്പന സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് കറുത്തപൊന്നിനുള്ളത്. കേരളത്തിൽ, പ്രത്യേകിച്ച് കുരുമുളകിന്റെ ഈറ്രില്ലമായ ഇടുക്കിയിൽ മഴ കനത്തതോടെ വിപണിയിലേക്കുള്ള വരവ് താഴ്‌ന്നിട്ടുണ്ട്. ഇതും, വിലക്കയറ്റം ഉറപ്പാക്കുമെന്ന് കരുതുന്നു. കഴിഞ്ഞവാരം വില കിലോയ്ക്ക് 309 രൂപയായിരുന്നു.

അതേസമയം, നിലവാരവും വിലയും കുറഞ്ഞ ശ്രീലങ്കൻ കുരുമുളക് തൂത്തുക്കുടി തുറമുഖം വഴി കേരളത്തിലേക്ക് എത്തുന്നതും ആഭ്യന്തര കുരുമുളകുമായി കൂട്ടിക്കലർത്തി വിൽക്കുന്നതും കർഷകർക്ക് തിരിച്ചടിയാകും. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച, കിലോയ്ക്ക് 500 രൂപയെന്ന ഇറക്കുമതി വിലപ്രകാരമാണ് ശ്രീലങ്കൻ കുരുമുളക് ഇറക്കുമതി. എങ്കിലും, ഇവ ആഭ്യന്തര ഇനവുമായി കൂട്ടിക്കലർത്തി കിലോയ്ക്ക് 325 രൂപയ്ക്ക് വരെ വിൽക്കുന്ന ട്രെൻഡ് ഇന്ത്യയിൽ കാണാറുണ്ട്.