ഒരു വർഷത്തെ 'സാലറി ചലഞ്ച്' : 3,​675 കോടി പിടിക്കാൻ ശുപാർശ

Sunday 02 August 2020 11:34 PM IST

പുതിയ പദ്ധതി നിലവിലെ പിടിത്തം കഴിഞ്ഞാലുടൻ

*പിടിക്കുന്നത് സെപ്തംബർ മുതൽ ശമ്പളത്തിന്റെ 20 ശതമാനം വീതം പന്ത്രണ്ട് മാസം

* 2023 ന് ശേഷം പലിശ സഹിതം നാല് തവണയായി തിരിച്ചു നൽകും

തിരുവനന്തപുരം: കൊവിഡ് നഷ്‌ടത്തിന്റെ പേരിൽ ജീവനക്കാരുടെ ആറ് മാസത്തെ ശമ്പളത്തിന്റെ 20 ശതമാനം പിടിക്കുന്നതിന് പിന്നാലെ ഒരു വർഷം കൂടി അത്രയും ശമ്പള വിഹിതം പിടിച്ച് 3,​675 കോടി രൂപ അധികം സമാഹരിക്കാൻ സർക്കാർ ഒരുങ്ങുന്നു.

ഈ സെപ്‌റ്റംബർ മുതൽ 2021 ആഗസ്റ്റ് വരെ പന്ത്രണ്ട് മാസം ശമ്പളത്തിന്റെയും പെൻഷന്റെയും 20 ശതമാനം പിടിക്കാനും 2023 ന് ശേഷം നാല് തവണയായി തിരിച്ചുനൽകാനുമാണ് പദ്ധതി.

കൊവിഡ് പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലും ധനസമാഹരണവും സംബന്ധിച്ച് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശയാണിത്. മന്ത്രിസഭ അംഗീകരിച്ച് സെപ്റ്റംബറിൽ തന്നെ നടപ്പാക്കാനാണ് നീക്കം.

മാസം 20,​000 രൂപയിലധികം ശമ്പളമുള്ള ജീവനക്കാരെയും 37,​500 രൂപയ്ക്ക് മേൽ പെൻഷൻ വാങ്ങുന്നവരെയുമാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരിൽ നിന്ന് 3,​300 കോടിയും പെൻഷൻകാരിൽ നിന്ന് 375 കോടിയും സമാഹരിക്കാമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ആറ് മാസത്തെ ശമ്പളവിഹിതം പിടിക്കുന്നത് അടുത്തമാസം പൂർത്തിയായാലുടൻ പുതിയ പദ്ധതി പ്രഖ്യാപിക്കും. സാലറി ചലഞ്ച് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ സ്വമേധയാ ധനസമാഹരണം നടത്താനാണ് ആലോചന.

കൊവിഡ് 19 ഇൻകം സപ്പോർട്ട് ഫണ്ട് എന്ന പേരിലാണ് പിരിവ്.

ഇന്ധന നികുതി

കൂട്ടാനും നീക്കം

സർക്കാരിന് കൊവിഡ് വരുത്തിയ നഷ്ടം 33,​456 കോടിയാണ്. വായ്പാ പരിധി 2 ശതമാനം ഉയർത്തി 18,​087 കോടി നേടാം. ബാക്കി പെട്രോൾ,ഡിസൽ,​ മദ്യം നികുതി കൂട്ടിയും ഭൂമിയുടെ അടിസ്ഥാനവില 20 % കൂട്ടിയും ജീവനക്കാരിൽ നിന്ന് സമാഹരിച്ചും കണ്ടെത്തണം.

പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാന നികുതി. ഇത് അന്താരാഷ്ട്ര വിലയിലെ വ്യത്യാസമനുസരിച്ച് കൂട്ടണം. നികുതി പെട്രോളിന് 44ഉം ഡീസലിന് 40 ഉം ശതമാനത്തിൽ കൂടരുതെന്ന് നിയമമുണ്ട്. ഇത് ഭേദഗതി ചെയ്ത് യഥാക്രമം 55ഉം 50 ഉം ശതമാനമാക്കണം.

*20000 രൂപയിൽ കൂടുതൽ ശമ്പളമുള്ള

സർക്കാർ, പൊതുമേഖലാജീവനക്കാർ - 5.38ലക്ഷം.

* 37500 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ - 1.12ലക്ഷം

സർക്കാരിന്റെ നഷ്ടം (കോടിയിൽ)

ആകെ നഷ്ടം - 33,​456

ജി.എസ്.ടി -19,​816

കേന്ദ്രനികുതി വിഹിതം - 7,​451

മദ്യം -1,​657

ഇന്ധന നികുതി -1,​517

സ്റ്റാമ്പ് രജിസ്ട്രേഷൻ - 1,​292

വാഹനനികുതി - 740

നികുതിയേതരം -652

എക്സൈസ് ഡ്യൂട്ടി -331

അധിക വരുമാനം കണ്ടെത്തൽ (കോടി)

അധികവായ്പ - 18,​087

മദ്യം ഹോം ഡെലിവറി -6,​452

ഭൂമി അടിസ്ഥാന വില 20% വർദ്ധന - 700

പെട്രോൾ,ഡീസൽ നികുതി വർദ്ധന -2,​086

ജീവനക്കാരിൽ നിന്ന് സമാഹരിക്കുന്നത് - 3,​675

കേന്ദ്രവായ്പകളുടെ പുനഃസംഘടന - 2,​156