സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം: മരിച്ചത് കോഴിക്കോട്, കാസർകോട് സ്വദേശികൾ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി, കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ എന്നിവരാണ് മരിച്ചത്. വിനോദ് കുമാറിന് രോഗം സ്ഥിരീകരിച്ചത് ആന്റിജൻ പരിശോധനയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 84 ആയി.
അതേസമയം മരയ്ക്കാർ കുട്ടി ആദ്യം ചികിത്സ തേടിയ കക്കട്ടിലെ കരുണ ക്ലിനിക്ക് അടച്ചു. പത്തോളം ജീവനക്കാരോട് നിരീക്ഷണത്തിൽ പോവാനും ആവശ്യപ്പെട്ടുണ്ട്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ടവരാണ് ഇതിൽ പകുതിയോളം പേർ.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ രോഗബാധിരുടെ എണ്ണം 25,911ആയി. ഇന്നലെ 1169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.11ദിവസത്തിനുളളിൽ 10,788 പേർക്കാണ് രോഗം ബാധിച്ചത്.991 പേരാണ് ഇന്നലത്തെ സമ്പർക്കരോഗികൾ. 56 പേരുടെ ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 688 പേർ രോഗമുക്തി നേടി.തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ. ഇന്നലെ 377പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 363പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. തീരപ്രദേശങ്ങളിൽ തുടങ്ങിയ രോഗം നഗരപ്രദേശങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇന്നലെ ജില്ലയിൽ ഉറവിടമറിയാത്ത രോഗബാധയുണ്ടായത് ഏഴുപേർക്കാണ്.