സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവവും വീഴ്‌ചയും; കുറ്റസമ്മതം നടത്തി മുഖ്യമന്ത്രി

Monday 03 August 2020 11:20 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്‌ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കുറ്രസമ്മതത്തോടെ എല്ലാവരും ഓർക്കണം. ക്വാറന്റീൻ, ശാരീരിക അകലം എന്നിവയിൽ ഗൗരവം കുറഞ്ഞു. പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറ‌ഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നി‍ർവഹിക്കുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ആയിരം കടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ക‍ർശന മുന്നറിയിപ്പ്. സാമൂഹിക അകലവും നിരീക്ഷണവും കൃത്യമായി പാലിക്കാതെ വന്നതോടെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോ‍‍‍ർട്ട് ചെയ്യുന്ന ആകെ കൊവിഡ് കേസുകളുടെ 70 ശതമാനം വരെ സമ്പ‍ർക്കത്തിലൂടെയാവുന്ന അവസ്ഥയുണ്ടായിരുന്നു. അതിനിടെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം വിമർശനം നടത്തി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടിയും കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാറുമാണ് മരിച്ചത്. നിയന്ത്രണങ്ങൾക്കിടയിലും രോഗികൾ വർദ്ധക്കുന്നത് ആശങ്കയോടെയാണ് സർക്കാർ നോക്കികാണുന്നത്. ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തീരപ്രദേശങ്ങളിൽ സമ്പർക്ക വ്യാപനത്തിന് കുറവില്ലാത്തതും ജില്ലയെ ആശങ്കയിലാക്കുന്നു. നഗരപ്രദേശത്ത് 200ലേറെ കുടുംബങ്ങൾ തിങ്ങിപാർക്കുന്ന തേക്കുംമൂട് ബണ്ട് കോളനിയിൽ പുതിയ ക്ളസ്റ്റർ രൂപപ്പെട്ടു. ഇന്നലെ 19 പേർക്കുകൂടി രോഗം ബാധിച്ചതോടെ ഒരാഴ്ച‌യ്‌ക്കിടെ രോഗികളുടെ എണ്ണം 59 ആയി ഉയർന്നു. ജഗതി, വഴുതക്കാട് ഭാഗങ്ങളിലായി നഗരസഭയുടെ 21 ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.