ഷാർജയിൽ സുഹൃത്തുക്കള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് മിനിട്ടുകള്‍ക്കകം പ്രവാസി മലയാളിയായ 24കാരൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Monday 03 August 2020 3:34 PM IST

ഷാര്‍ജ: പ്രവാസി മലയാളിയായ എന്‍ജിനീയര്‍ ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു. 24കാരനായ സുമേഷ് ആണ് മരിച്ചത്. ജൂലായ് 31-നാണ് സുമേഷ് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്ന് വീണത്.

അല്‍ ദായിബില്‍ താമസിക്കുന്ന കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് മിനിട്ടുകള്‍ക്ക് ശേഷമാണ് സുമേഷിന് ദാരുണാന്ത്യം സംഭവിച്ചത്. എല്ലാവരും ഒരുമിച്ച് ബിരിയാണി കഴിച്ചെന്നും സുമേഷ് സന്തോഷവാനായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ദിലീപ് കുമാര്‍ പറഞ്ഞതായി പുറത്തു വന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു വര്‍ഷം മുമ്പ് ഷാര്‍ജയിലെത്തിയ സുമേഷ് മുവൈലെയിലെ ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു.

വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കുറച്ചുദിവസമായി സുമേഷിനെ അലട്ടിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പ്രശ്‌നം എന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. സുമേഷ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ കൊവിഡ്-19 പ്രതിസന്ധി കാരണം സാധിച്ചില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും ഫോറെന്‍സിക് പരിശോധനയ്ക്കുമായി കൊണ്ടുപോയിരിക്കുകയാണ്.