കണ്ണീർ കുഞ്ഞേ നീ മണ്ണോടലിയുക
കൊല്ലം: അമ്മയുടെയും ബന്ധുക്കളുടെയും തോരാക്കണ്ണീരിനെ സാക്ഷിയാക്കി പ്രിഥ്വി
മണ്ണോടലിഞ്ഞു. പിച്ചവച്ച് പഠിച്ച പൂതക്കുളം പുന്നേക്കുളത്തെ മുത്തശ്ശിയുടെ വീട്ടുമുറ്റം അവനെ മാറോടണച്ചു. നാണയം വിഴുങ്ങിയതിനെ തുടർന്ന് മൂന്ന് ആശുപത്രികൾ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാതെയാണ് മൂന്നുവയസുകാരൻ പ്രിഥ്വിരാജ് കഴിഞ്ഞ ദിവസം മരിച്ചത്.
അച്ഛൻ രാജുവിനും അമ്മ നന്ദിനിക്കും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. നന്ദിനിയുടെ അച്ഛൻ സുനിലിന്റെ ഇലകമൺ തോണിപ്പാറയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ ശക്തമായ മഴയിൽ വയൽക്കരയിലെ വീട്ടുമുറ്റത്ത് മുട്ടറ്റം വെള്ളം കയറി. തുടർന്നാണ് മുത്തശ്ശി ശ്യാമളയുടെ പുന്നേക്കുളത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. ആകെ നാല് സെന്റിൽ വെട്ടുകല്ലിൽ നിർമ്മിച്ച അടച്ചുറപ്പില്ലാത്ത ആ വീടിന്റെ പൂമുഖത്ത് പ്രിഥ്വി പിച്ച വച്ചത് അയൽവാസികൾക്ക് ഇപ്പോഴും ഒാർമ്മയുണ്ട്.
പ്രിഥ്യുവിന്റെ ചലനമറ്റ ശരീരം കണ്ട് വിതുമ്പുമ്പോഴും അവനെ മരണത്തിലേക്കെറിഞ്ഞ ആശുപത്രി അധികൃതർക്കെതിരായ പ്രതിഷേധം പലരുടെയും ഇടറുന്ന വാക്കുകളിലുണ്ടായിരുന്നു. കയറിയിറങ്ങിയ ആശുപത്രികളിൽ ആരെങ്കിലും കനിഞ്ഞിരുന്നെങ്കിൽ എന്റെ പൊന്നുമോനെ നഷ്ടമാകില്ലായിരുന്നെന്ന് പ്രിഥ്വിയുടെ അമ്മ നന്ദിനി വിതുമ്പലോടെ ഇടറിയ ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു.