വിദ്യാഭ്യാസാനുകൂല്യം നിഷേധിക്കരുത്: ജി. സുകുമാരൻ നായർ
ചങ്ങനാശേരി: കമ്മ്യൂണിറ്റി മെരിറ്റ് സീറ്റുകളിലും മാനേജ്‌മെന്റ് മെരിറ്റിലും അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് കുമാരപിള്ള കമ്മിഷൻ റിപ്പോർട്ടിലെ വിദ്യാഭ്യാസാനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. റിപ്പോർട്ട് പ്രകാരം എല്ലാ സമുദായങ്ങളിലെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് മുന്നാക്ക, പിന്നാക്ക വ്യത്യാസമില്ലാതെ ഫീസ് ഇളവും പഠനത്തിനുള്ള സാമ്പത്തികസഹായവും സർക്കാർ നല്കിയിരുന്നു. ആനുകൂല്യത്തിനുള്ള വാർഷിക വരുമാനപരിധി ഒരുലക്ഷം രൂപയാക്കി 2014-ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷം മുതൽ ഹയർ സെക്കൻഡറിയിലും ബിരുദ ബിരുദാനന്തര ബിരുദ പ്രൊഫഷണൽ കോഴ്‌സുകൾക്കും മെരിറ്റ് സീറ്റ് ഒഴിച്ചുള്ള കമ്മ്യൂണിറ്റി മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഈ ആനുകൂല്യം നിഷേധിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.