മത്തായിയുടെ മരണം: ഉദ്യോഗസ്ഥർക്കെതിരെ നരഹത്യ കുറ്റം ചുമത്തിയേക്കും

Tuesday 04 August 2020 11:29 AM IST

പത്തനംതിട്ട: റാന്നി ചിറ്റാറിൽ വനപാലകർ പിടിച്ചു കൊണ്ടുപോയ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും. ഇതുസംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം റാന്നി മജിസ്ട്രേട്ട് കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും.

സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ആർ. രാജേഷ് കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഒാഫീസർ എ.കെ. പ്രദീപ് കുമാർ എന്നിവരെ വനംവകുപ്പ് ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. റാന്നി ഡി.എഫ്.ഒ ഉൾപ്പെടെ എട്ടുപേരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണ് സസ്‌പെൻഷൻ. അതിനിടെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഭാര്യ ഷീബയും കുടുംബാംഗങ്ങളും പ്രതിഷേധം തുടരുകയാണ്. സംഭവവുമായി ബന്ധമുള്ള ഏഴ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണ് വീട്ടുകാർ. കഴിഞ്ഞ 28 നാണ് മത്തായിയെ കുടപ്പനയിലെ കുടുബവീടിനോടു ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഏഴു ദിവസമായി മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.

മത്തായിയെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്ന് വകുപ്പുതല അന്വേഷണം നടത്തുന്ന സതേൺ സി.സി.എഫ് സഞ്ജിൻ കുമാർ റിപ്പോർട്ട് നൽകിയിരുന്നു. വനം വകുപ്പിന്റെ കാമറ മോഷ്ടിച്ചെന്ന പേരിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകർ ക്രൈം ബ്രാഞ്ചിനു നൽകിയത് പരസ്‌പര വിരുദ്ധമായ മൊഴികളായിരുന്നു. മഹസറും ജി.ഡി രേഖകളും തയ്യാറാക്കിയിരുന്നില്ല. മത്തായി മരിച്ച ശേഷം ജി.ഡിയിൽ കൃത്രിമം കാട്ടിയെന്നും സി.സി.എഫ് കണ്ടെത്തി.