സെക്രട്ടേറിയറ്റിലെ ഫയലുകൾ തീർപ്പാക്കലിന് കർമ്മ പദ്ധതി

Wednesday 05 August 2020 12:00 AM IST

കുടിശിക ഫയലുകൾക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ കർമ്മ പദ്ധതി നടപ്പാക്കണമെന്ന് ഇന്നലെ വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും.

ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമനുവദിച്ച സാഹചര്യത്തിൽ, സെക്രട്ടേറിയറ്റിലെ ഹാജർ പരിശോധിക്കും. അനുവദിച്ച സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നറിയാനാണിത്.

ഓരോ വകുപ്പും അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കുടിശ്ശിക ഫയലുകൾ തീർപ്പാക്കാനും മുൻഗണന നൽകണം. ഓഫീസിലെത്തുന്നവരെ വച്ച് ഓഫീസ് പ്രവർത്തനം സുഗമമായി നടത്തണം. . കൊവിഡ് സംബന്ധമായ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാകരുത്. ആവശ്യമായ യോഗങ്ങൾ വീഡിയോ കോൺഫറൻസ് വഴി ചേരണം. കോടതിക്കേസുകളിൽ സർക്കാരിന് പ്രതിരോധിക്കാനാവശ്യമായ വിശദാംശങ്ങൾ സമയാസമയം നൽകണം.പന്ത്രണ്ടിന പരിപാടി, സുഭിക്ഷ കേരളം, പദ്ധതി എന്നിവ മുൻഗണനാക്രമത്തിൽ നടത്തണം. കെട്ടിക്കിടക്കുന്ന ഫയലുകൾ വകുപ്പ് സെക്രട്ടറിമാർ രണ്ടാഴ്ചയിലൊരിക്കൽ അവലോകനം ചെയ്ത് തീർപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകണം..

വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. 2010ന് മുമ്പും , ശേഷമുള്ള ഫയലുകളുടെ കണക്കുകൾ മുഖ്യമന്ത്രിക്ക് കൈമാറി. ജീവനക്കാരുടെ കുറവ് മൂലം പൂർണ്ണമായ കണക്കെടുപ്പായിട്ടില്ല. കൊവിഡ് സാഹചര്യത്തിൽ മുഴുവൻ ജീവനക്കാർക്കും എത്താനാവാത്തതിനാലാണ് പല ഫയലുകളും തീർപ്പാക്കാനാകാതെ പോയതെന്ന് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.തുടർ നടപടികൾക്കായി ഡയറക്ടറേറ്റുകളിലേക്കും മറ്റും അയച്ച ഫയലുകളിൽ യഥാസമയം മറുപടി ലഭിക്കാത്തതും തടസ്സമായി. നിയന്ത്രണങ്ങൾക്കിടയിലും കൂടുതൽ ജീവനക്കാർക്ക് ഓഫീസുകളിലെത്താൻ സൗകര്യമൊരുക്കണമെന്ന് സെക്രട്ടറിമാർ ആവശ്യപ്പെട്ടു.