വലിയ പെരുന്നാള് വരാനിരിക്കുന്നതേയുള്ളൂ
ലിസ്ബൺ : യൂറോപ്പിലെ ദേശീയ ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് കൊടിയിറങ്ങിയെങ്കിൽ ഇനി വൻകരയുടെ ഫുട്ബാൾ ലീഗുകളുടെ വരവാണ്. കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും വരും ദിവസങ്ങളിൽ കളിക്കളത്തിലേക്ക് തിരികെവരാൻ ഒരുങ്ങുകയാണ്. സാധാരണ ഗതിയിൽ ജൂൺ ആദ്യ വാരത്തോടെ ഇൗ രണ്ട് ലീഗുകളുടെയും ഫൈനൽ നടക്കേണ്ടതാണ്. എന്നാൽ മാർച്ചിൽ പ്രീക്വാർട്ടർ ഫൈനലുകൾ പാതി വഴിയിലെത്തിയപ്പോഴാണ് ചാമ്പ്യൻസ് ലീഗിനും യൂറോപ്പാ ലീഗിനും കൊവിഡ് കർട്ടൻ വീണത്.
രണ്ടാം ഡിവിഷനായ യൂറോപ്പാ ലീഗാണ് ആദ്യം പുനരാരംഭിക്കുന്നത്. ഇന്നുമുതൽ യൂറോപ്പാ ലീഗ് തുടങ്ങുകയാണ്. കൊവിഡ് സാഹചര്യത്തിൽ കാണികളെ ഒഴിവാക്കി കർശന സുരക്ഷാവലയത്തിൽ, പതിവുരീതികൾ വിട്ട് ലീഗുകൾ നടത്തിത്തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവേഫ ഫിക്സ്ചർ തയ്യാറാക്കിയിരിക്കുന്നത്.ഇരു ലീഗുകളിലും ക്വാർട്ടർ മുതൽ ഒറ്റപാദ മത്സരങ്ങൾ പൊതുവേദിയിൽ മിനി ടൂർണമെന്റ് രീതിയിൽ നടത്തും. ചാമ്പ്യൻസ് ലീഗിന് പോർച്ചുഗലിലെ ലിസ്ബണാണ് വേദി. യൂറോപ്പാ ലീഗ് ജർമ്മനിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ന് ഇന്ത്യൻ സമയം രാത്രി 10.25ന് ഡെന്മാർക്ക് ക്ലബ് കൊബൻഹാവെനും തുർക്കി ക്ളബ് ഇസ്താംബുൾ ബസ്തക്കെയ്റും തമ്മിലുള്ള മത്സരവും ഉക്രേനിയൻ ക്ളബ് ഷാക്തർ ഡൊണെസ്കും ജർമ്മൻ ക്ളബ് വോൾവ്സ്ബർഗും തമ്മിലുള്ള മത്സരവും നടക്കും. ഇവർ ലോക്ക്ഡൗണിന് മുമ്പ് ഒരു ആദ്യ പ്രീക്വാർട്ടർപൂർത്തിയാക്കിയതിനാലാണ് രണ്ടാം പാദം നടത്തുന്നത്. പ്രീ ക്വാർട്ടർ നടന്നിട്ടില്ലാത്ത ടീമുകൾക്ക് ഇരു പാദങ്ങളിലായി ഹോം ആൻഡ് എവേ മത്സരങ്ങൾ ഉണ്ടാവുകയില്ല. പൊതുവേദിയിൽവച്ച് ഒറ്റ മത്സരം മാത്രമേ ഉണ്ടാവുകയുള്ളൂ.ക്വാർട്ടർ ഫൈനലുകൾ മുതൽ ഇതേ മാതൃകയിൽ നടത്തും. ജർമ്മനിയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് ക്വാർട്ടർ ഫൈനലുകൾ മുതൽ നടത്തുന്നത്.
ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങൾ ഇൗ മാസം എട്ട്,ഒൻപത് തീയതികളിലായി നടത്തും.നാല് രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങളാണ് നടക്കാനുള്ളത്.എട്ടിന് യുവന്റസ് ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെയും മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെയും നേരിടും. ലിയോണും സിറ്റിയും ആദ്യ പാദത്തിൽ 1-0ത്തിന് വിജയിച്ചവരാണ്. ഒൻപതിന് ബയേൺ ചെൽസിയെയും ബാഴ്സലോണ നാപ്പോളിയെയും നേരിടും.ആദ്യ പാദത്തിൽ ബയേൺ 3-0ത്തിന് ജയിച്ചിരുന്നു. ബാഴ്സ ആദ്യ പാദത്തിൽ 1-1ന് സമനിലയിലായിരുന്നു. യുവന്റസ്,മാഞ്ചസ്റ്റർ സിറ്റി,ബയേൺ,ബാഴ്സലോണ എന്നിവരുടെ ഹോം മാച്ചുകളാണ് 8-9 തീയതികളിലായി നടക്കുക. 13 മുതലാണ് ലിസ്ബണിൽ ക്വാർട്ടർ ഫൈനലുകൾ തുടങ്ങുക.യൂറോപ്പാ ലീഗിന്റെ ഫൈനൽ ഇൗ മാസം 22നും ചാമ്പ്യൻസ് ലീഗ് ഫൈനൽ 24നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് ഷെഡ്യൂൾ
പ്രീക്വാർട്ടർ ഫൈനലുകൾ
ആഗസ്റ്റ് 8
(ഇന്ത്യൻ സമയം രാത്രി 12.30 മുതൽ )
യുവന്റസ് Vs ലിയോൺ
മാഞ്ചസ്റ്റർ സിറ്റി Vs റയൽ മാഡ്രിഡ്
ആഗസ്റ്റ് 9
ബയേൺ Vs ചെൽസി
ബാഴ്സലോണ Vs നാപ്പോളി
ക്വാർട്ടർ ഫൈനലുകൾ
ആഗസ്റ്റ് 13
അറ്റലാന്റ Vs പാരീസ് എസ്.ജി
ആഗസ്റ്റ് 14
ലെയ്പ്സിഗ് Vs അത്‌ലറ്റിക്കോ
ആഗസ്റ്റ് 15
നാപ്പോളി/ബാഴ്സ Vs ചെൽസി /ബയേൺ
ആഗസ്റ്റ് 16
റയൽ/മാൻ.സിറ്റി Vs യുവന്റസ് / ലിയോൺ
സെമി ഫൈനലുകൾ
ആഗസ്റ്റ് 19-20
ഫൈനൽ
ആഗസ്റ്റ് 24
യൂറോപ്പാ ലീഗ് ഫിക്സ്ചർ
പ്രീക്വാർട്ടർ ഫൈനലുകൾ
ആഗസ്റ്റ് 5
(ഇന്ത്യൻ സമയം രാത്രി 10.25 മുതൽ)
കൊബൻഹാവെൻ Vs ഇസ്താംബുൾ
ഷാക്തർ Vs വോൾവ്സ്ബർഗ്
ആഗസ്റ്റ് 6
മാൻ.യുണൈറ്റഡ് Vs ലാസ്ക്
ഇന്റർ മിലാൻ Vs ഗെറ്റാഫെ
(ഇന്ത്യൻ സമയം രാത്രി 12.30 മുതൽ )
സെവിയ്യ Vs റോമ
ലെവർകൂസൻ Vs റേഞ്ചേഴ്സ്
ആഗസ്റ്റ് 7
ബാസൽ Vs ഫ്രാങ്ക്ഫുർട്ട്
വോൾവ്സ് Vs ഒളിമ്പ്യാക്കോസ്
ക്വാർട്ടർ ഫൈനലുകൾ
ആഗസ്റ്റ് 11-12
സെമി ഫൈനലുകൾ
ആഗസ്റ്റ് 17-18
ഫൈനൽ
ആഗസ്റ്റ് 22