കോന്നി ഗവ.മെഡിക്കൽ കോളേജ് : എൽ.ടി പാനൽ കമ്മിഷൻ ചെയ്തു

Wednesday 05 August 2020 12:28 AM IST
കോന്നി ഗവ. മെഡിക്കൽ കോളജിലെ എൽ.ടി പാനൽ ആന്റോ ആന്റണി എം.പി കമ്മിഷൻ ചെയ്യുന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സമീപം.

പത്തനംതിട്ട : കോന്നി ഗവ.മെഡിക്കൽ കോളജിനെ പ്രകാശപൂരിതമാക്കി എൽ.ടി പാനൽ കമ്മിഷൻ ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ആന്റോ ആന്റണി എം.പി നിലവളക്കു കൊളുത്തി കമ്മിഷനിംഗ് നിർവഹിച്ചു. ഇതോടു കൂടി മെഡിക്കൽ കോളജിന്റെ നാല് നിലകളിലുമുള്ള ഫാൻ, ലൈറ്റ്, പ്ലഗ് പോയിന്റുകൾ തുടങ്ങിയവ പ്രവർത്തനക്ഷമമായി. ഒരു കോടി രൂപ മുടക്കിയാണ് എൽ.ടി പാനൽ സ്ഥാപിച്ചത്. ബാംഗളുരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വി.വി സിസ്റ്റംസ് ലിമിറ്റഡാണ് പാനൽ സപ്ലൈ ചെയ്തത്. എറണാകുളത്തുള്ള ഷൈൻ ഇലക്ട്രിക്കൽസ് പ്രവർത്തി ഉപകരാർ എടുത്തത് നിർവഹിച്ചു. 16 മീറ്റർ നീളമുള്ള എൽ.‌ടി പാനലാണ് സ്ഥാപിച്ചിട്ടുള്ളത്. നാല് 2500 ആംപിയർ എയർ സർക്യൂട്ട് ബ്രേക്കറും, 2500 ആംപിയറിന്റെ എയർ സർക്യൂട്ട് ബ്രേക്കർ കപ്ളറും, 2000 ആപിയറിന്റെ നാല് ബ്രേക്കറും പാനലിന്റെ ഭാഗമായുണ്ട്. മെയിൻ എൽ.‌ടി പാനൽ കമ്മീഷൻ ചെയ്ത് ചാർജു ചെയ്തതോടു കൂടി നാലു നില ആശുപത്രി കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യമായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.സി.എസ്.വിക്രമൻ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ, എച്ച്.എൽ.എൽ പ്രൊജക്ട് മാനേജർ രതീഷ് കുമാർ, നാഗാർജുന കമ്പനി പ്രൊജക്ട് മാനേജർ അജയകുമാർ, ഡി.ജി.എം ഡി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

കോന്നിക്കും ജില്ലയ്ക്കും പ്രയോജനപ്രദമായ കോന്നി മെഡിക്കൽ കോളജ് നിർമാണം വേഗത്തിൽ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. മലയോര മേഖലയ്ക്ക് ഈ മെഡിക്കൽ കോളജ് മുതൽകൂട്ടാകും.

ആന്റോ ആന്റണി എം.പി

11 കെവിയുടെ എച്ച്.ടി സപ്ലൈ വർക്കിന്റെ കമ്മിഷനിംഗും ഉടൻ നടത്തും. ഇതോടെ മെഡിക്കൽ കോളേജ് വൈദ്യുതീകരണ പ്രവർത്തനം പൂർത്തിയാകും. 750 കെവിയുടെ രണ്ട് ഡീസൽ ജനറേറ്റർ, എച്ച് വി.എസി എന്നിവയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്.

കെ.യു.ജനീഷ് കുമാർ എം.എൽ.എ