യു.എ.ഇ കോൺസുലേറ്റിന്റെ പാഴ്സലുകൾ : അന്വേഷണം സി-ആപ്‌റ്റ് മുൻ ഡയറക്ടറിലേക്ക്

Wednesday 05 August 2020 1:40 AM IST

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ പാഴ്സലുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വട്ടിയൂർക്കാവിലെ സി-ആപ്​റ്റിന്റെ അടച്ചു മൂടിയ ലോറിയിൽ മലപ്പുറത്തെത്തിച്ചതിനു പിന്നാലെ, മറ്റൊരു വാഹനം കർണാടകത്തിലേക്ക് പോയതായി വിവരം. ബംഗളുരുവിലും മറ്റും പോയി ഒരാഴ്ചയ്ക്ക് ശേഷമാണ് വാഹനം തിരിച്ചെത്തിയത്.

കോൺസുലേറ്റ് വാഹനത്തിൽ എത്തിച്ച പാഴ്സലുകൾ കൊണ്ടുപോയത് സി-ആപ്‌റ്റ് മുൻ ഡയറക്ടർ എം.അബ്ദുൽ റഹ്മാന്റെ നിർദ്ദേശപ്രകാരമായിരുന്നെന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റംസ് അബ്ദുൽ റഹ്മാന്റെ മൊഴിയെടുക്കും.

സ്വപ്നയും സംഘവും ലോക്ക്ഡൗണിനിടെ സ്വർണം കൊണ്ടുപോകാൻ സർക്കാർ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. കേരളാ സ്റ്റേറ്റ് ബോർഡ് വച്ച ലോറിയിലാണ് 28 പാഴ്സലുകൾ എടപ്പാളിലേക്ക് കൊണ്ടുപോയത്. ജൂൺ 18ന് വിമാനത്താവളത്തിൽ നിന്ന് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ 28 പാക്കറ്റുകൾ സി-ആപ്‌റ്റിലെത്തിച്ചിരുന്നു... പാക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്‌റ്റിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. മന്ത്രി കെ.ടി.ജലീലാണ് സി-ആപ്‌റ്റ് ചെയർമാൻ.

മൊഴികളിൽ വൈരുദ്ധ്യം

സി-ആപ്‌റ്റ് ജീവനക്കാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. മലപ്പുറത്തേക്കും കർണാടകത്തിലേക്കും പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. പാഴ്സലുകൾ കൊണ്ടുപോകാൻ കോൺസുലേറ്റിന് സൗകര്യമുള്ളപ്പോൾ സർക്കാർ വാഹനം ഉപയോഗിച്ചതാണ് സംശയകരം.