ട്രഷറി തട്ടിപ്പ് കേസ് ക്രെെംബ്രാഞ്ചിന്: ട്രഷറി ഡയറക്ടറുടെ ഓഫീസിലെ ഹാർഡ് ഡിസ്കും രേഖകളും കസ്റ്റഡിയിൽ

Wednesday 05 August 2020 12:00 AM IST

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിലെ രണ്ടുകോടിരൂപയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം സെക്രട്ടറിയേറ്റിന് സമീപമുള്ള ട്രഷറി ഡയറക്ടറുടെ ഓഫീസിൽ ഇന്നലെ തെളിവെടുപ്പ് നടത്തി.ഡയറക്ടറുടെയും ബന്ധപ്പെട്ട ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുകയും ഇടപാടുകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും മറ്റു ചില രേഖകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവയുടെ പരിശോധനയിൽ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ഡയറക്ടറേറ്റിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുക്കും.

അതേസമയം, തട്ടിപ്പ് നടന്ന വഞ്ചിയൂർ സബ് ട്രഷറിയിൽ എത്തിയ ക്രൈബ്രാഞ്ച് സംഘം അവിടെനിന്നുള്ള ഹാർഡ് ഡിസ്കും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് മൊഴി നൽകാൻ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ പരിശോധിച്ചശേഷമാവും ഇവരെ വിളിച്ചുവരുത്തുക.

അസിസ്റ്റന്റ് കമ്മിഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.സൈബർ വിദഗ്ധൻ ഉൾപ്പെടെ എട്ടുപേർ അടങ്ങിയതാണ് അന്വേഷണ സംഘം.

ബിജുലാലിനെ തേടി

ഊരമ്പിലേക്ക് പൊലീസ്

വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന മുഖ്യ പ്രതി ബിജുലാലിനെ പിടികൂടാനുള്ള അന്വേഷണം തമിഴ്നാട് അതിർത്തിയിലെ ഊരമ്പിലേക്കും വ്യാപിപ്പിച്ചു. സഹോദരന്റെ വസതി ഈ ഭാഗത്താണ്. ബിജുലാലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പമുള്ള സഹപ്രവർത്തകരും പൊലീസ് നിരീക്ഷണത്തിലാണ്.

സിമിയെ കസ്റ്റഡിയിൽ എടുക്കില്ല

ബിജുലാലിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ സിമിയെ തേടി ക്രൈംബ്രാഞ്ച് ഇന്നലെ ബിജുലാലിന്റെ സഹോദരി താമസിക്കുന്ന വഴയിലയിലെ വസതിയിലെത്തിയെങ്കിലും കാണാനായില്ല. കരമന കാലടിയിലെ വാടക വീട്ടിലേക്ക് പോയെന്നാണ് സഹോദരിയും അമ്മയും പറഞ്ഞത്.

കഴിഞ്ഞ ദിവസം ലോക്കൽ പൊലീസ് സഹോദരിയുടെ വീട്ടിലെത്തി സിമിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ,മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഫോൺ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ബിജുലാലിനെ അറസ്റ്റു ചെയ്തശേഷം സിമിക്ക് പങ്കുണ്ടെന്ന് ഉറപ്പായാൽ മാത്രമേ കസ്റ്റഡിയിലെടുക്കൂ.