ബസ് സർവീസുകൾ വീണ്ടും കുറഞ്ഞു വൈകാതെ ഫുൾബ്രേക്കിട്ടേക്കും
മലപ്പുറം: സാമൂഹ്യവ്യാപന ആശങ്കയ്ക്ക് പിന്നാലെ ജില്ലയിലെ പൊതുഗതാഗത മേഖല തീർത്തും പ്രതിസന്ധിയിൽ. സ്വകാര്യ ബസുകൾ സർവീസുകൾ വെട്ടിക്കുറച്ചപ്പോൾ നാമമാത്രമായ യാത്രക്കാരുമായി സർവീസ് നടത്തുകയാണ് കെ.എസ്.ആർ.ടി.സി. ജൂലൈയിൽ 300ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയപ്പോൾ ആഗസ്റ്റിലിത് 150ൽ താഴെയായി. ജില്ലയിൽ 1,600ഓളം ബസുകളുള്ള സ്ഥാനത്താണിത്. ഉദ്യോഗസ്ഥർ അടക്കമുള്ള സ്ഥിരംയാത്രക്കാർ സ്വന്തം വാഹനങ്ങളിലായി യാത്രയെങ്കിൽ ബൈക്ക് വാങ്ങാൻ പോലും ശേഷിയില്ലാത്തവർ മാത്രമാണ് ബസ് സർവീസുകളെ ആശ്രയിക്കുന്നതെന്ന് ബസ് മേഖലയിലുള്ളവർ പറയുന്നു.
ലോക്ക്‌ഡൗണിന് പിന്നാലെ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ടാക്സ് സർക്കാർ ഒഴിവാക്കിയിരുന്നു. ഒരുബസിന് ദിവസം ശരാശരി 330 രൂപ റോഡ് ടാക്സായി നൽകണം. മൂന്നുമാസം കൂടുമ്പോഴാണ് സർക്കാരിലേക്ക് ടാക്സ് അടയ്ക്കേണ്ടത്. 2018ന് മുമ്പ് രജിസ്റ്റർ ചെയ്ത ബസുകൾ സീറ്റിന്റെ എണ്ണമനുസരിച്ചായിരുന്നു ടാക്സ്. വലിയ ബസിൽ 48 സീറ്റുകളുണ്ടാവും. 36,000 രൂപയാണ് ടാക്സായി നൽകിയിരുന്നത്. പുതിയ ബസുകൾക്ക് നീളവും വീതിയും കണക്കാക്കിയാണ് ടാക്സ് ഈടാക്കുന്നത്. ശരാശരി 33,000 രൂപ നൽകേണ്ടിവരും. ടാക്സിൽ ഇളവ് പ്രതീക്ഷിച്ച് ജൂലൈയിൽ കൂടുതൽ ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ സെപ്തംബർ വരെയുള്ള ടാക്സ് അടയ്ക്കാനുള്ള സമയപരിധി ഒക്ടോബർ 14 വരെയാക്കി നീട്ടിയിരിക്കുകയാണ് സർക്കാർ. ഇതോടെ പൂർണ്ണമായും ടാക്സ് ഒഴിവാക്കണമെന്ന ആവശ്യമുയർത്തി കൂടുതൽ ബസുകൾ സർവീസിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
സ്വന്തമായി വാഹനങ്ങളില്ലാത്തവരാണ് ബസുകളുടെ കുറവോടെ വെട്ടിലായത്. കൊണ്ടോട്ടി, പൊന്നാനി,നിലമ്പൂർ മേഖലകളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ നാമമാത്രമാണ്. മഞ്ചേരി- തിരൂർ റൂട്ടിലാണ് കൂടുതൽ ബസുകൾ ഉണ്ടായിരുന്നതെങ്കിൽ ഈമാസം സർവീസുകൾ നന്നേ കുറഞ്ഞു.
ബസ് ഓടിയപ്പോൾ കടമായി
ജൂലായിയിൽ 19 ദിവസം സർവീസ് നടത്തിയ വകയിൽ 13,000 രൂപ ഡീസൽ ഇനത്തിൽ പമ്പിൽ കടമായി നൽകാനുണ്ടെന്ന് വഴിക്കടവ് - തിരൂർ റൂട്ടിലെ ബസിന്റെ ഉടമസ്ഥൻ പറയുന്നു. ജൂലായിയിൽ ടാക്സിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർവീസ് നടത്തിയത്. ടിക്കറ്റ് വരുമാനം ചെലവുകൾക്ക് പോലും തികയുന്നില്ലെന്ന് കണ്ടതോടെ ബസ് സർവീസിന് സ്റ്റോപ്പിട്ടു. ഇതോടെ ബസ് തൊഴിലാളിൽ ഒരാൾ തേപ്പ് പണിക്ക് സഹായിയായും മറ്റൊരാൾ ഭാര്യയുമൊത്ത് ചെറിയ ടെയ്‌ലർ കടയും തുടങ്ങി. ബസ് മേഖല പ്രതിസന്ധിയിലായതോടെ തൊഴിലാളികൾ മറ്റു മാർഗ്ഗങ്ങൾ തേടുകയാണ്. എന്നാൽ കാലങ്ങളായി ബസ് തൊഴിൽ മേഖലയിലുള്ളവർ മറ്റ് തൊഴിൽമേഖലയിലേക്ക് പോകാനാവാതെ പ്രയാസപ്പെടുന്നുണ്ട്. ബസുകളിൽ നിന്നുള്ള വരുമാനം നിന്നതിനൊപ്പം അനിശ്ചിതമായി ബസുകൾ നിറുത്തിയിടുന്നത് മൂലമുള്ള നഷ്ടങ്ങളിലാണ് ഉടമസ്ഥർ.