64 വെട്ടുകളോടെ അതിക്രൂര കൊലപാതകം

Wednesday 05 August 2020 1:02 AM IST

വിധി വരുന്നത് എട്ട് വർഷത്തിന് ശേഷം

കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒൻപത് ആർ.എസ്.എസ് പ്രവർത്തകരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. 64 വെട്ടുകളാണ് കടവൂർ ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. ആർ.എസ്.എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിൽ 2012 ഫെബ്രുവരി ഏഴിന് രാവിലെ പതിനൊന്നരയോടെ കടവൂർ ക്ഷേത്രത്തിന് സമീപം നടുറോഡിലിട്ടാണ് ജയനെ വെട്ടിക്കൊന്നത്. 14 സെന്റീമീറ്റർ നീളത്തിലും ഏഴ് സെന്റീമീറ്റർ ആഴത്തിലുമുള്ള വെട്ടുകൾ ജയന്റെ ശരീരത്തിലുണ്ടായിരുന്നു. മുറിവേറ്റ് രക്തം വാർന്ന് റോഡിൽ കിടന്ന ജയനെ ആട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച സഹോദരീ ഭർത്താക്കൻമാർക്കും വെട്ടേറ്റു. മതിലിലെയും കൊല്ലത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ജയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ബന്ധുവും ദൃക് സാക്ഷിയായി എത്തി . 9-ാം പ്രതി ഉൾപ്പെടെ 20 സാക്ഷികളെയാണ് പ്രതിഭാഗം ഹാജരാക്കിയത്.

 കോടതി കണ്ടെത്തിയ കുറ്റങ്ങൾ 143 (അന്യായമായി സംഘം ചേരൽ) 147 ( ന്യായ വിരുദ്ധമായ സംഘം ചേരൽ) 148 ( ആയുധം ഉപയോഗിച്ചുള്ള ലഹള) 149 ( എല്ലാവർക്കും ഒരേ പങ്കാളിത്തം, ഒരേ ശിക്ഷ ) 302 (കൊലപാതകം) 324 ( ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക) 341 (അന്യായമായ തടങ്കൽ )