അഭിമാനമായി ജയദേവ്; ആദ്യ ശ്രമത്തിൽ അഞ്ചാം റാങ്ക്

Wednesday 05 August 2020 3:35 AM IST

കോട്ടയം: ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്കും സംസ്ഥാനത്ത് ഒന്നാമതുമെത്തിയ ഏറ്റുമാനൂർ സ്വദേശി സി.എസ്.ജയദേവ് കേരളത്തിന് അഭിമാനമാണ്

ഏറ്റുമാനൂർ ശക്തിനഗർ പി.കെ.ബി. റോഡിൽ ഉദയനയിൽ രോഷ്‌നിയുടെയും തൃശൂർ സ്വദേശി സതീശ് വാര്യരുടെയും മകനാണ് ജയദേവ്. നാലു വയസുവരെ ഏറ്റുമാനൂരിൽ കഴിഞ്ഞ ജയദേവ് വർഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ്. ബംഗളൂരുവിലെ നാഷണൽ ലാ സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ ശേഷമാണ് ജയദേവ് സിവിൽ സർവീസിനായി ശ്രമിക്കുന്നത്. മകന്റെ നേട്ടത്തിൽ സന്തോഷം വാനോളമുണ്ട് സതീശനും രോഷ്നിക്കും.

രോഷ്‌നിയുടെ മാതാപിതാക്കളായ റിട്ട. അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റർ ശിവനും ടെലികോമിൽ റിട്ട. ടെലിഫോൺ സൂപ്പർവൈസറായിരുന്ന സരളയുമാണ് ഇപ്പോൾ ഏറ്റുമാനൂരിലുള്ളത്. കൊച്ചുമകനെ വിളിച്ച് അഭിനന്ദിച്ചതിനൊപ്പം നാട്ടുകാരും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷവും പങ്കുവയ്ക്കുന്നു ഇരുവരും.