ഒരു സിവിൽ സർവീസ് കുടുംബ കഥ!
കോഴിക്കോട്: ഒരുവീട്ടിൽ നിന്ന് മൂന്ന് സിവിൽ സർവീസുകാർ എന്ന അപൂർവ നേട്ടത്തിന്റെ സന്തോഷത്തിലാണ് സംസ്ഥാന ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണും കുടുംബവും.
പിതാവ് ഡോ.ജോൺ ജോസഫിനും തനിക്കും പിന്നാലെ സഹോദരൻ ഡോ.ജോർജ്ജ് അലൻ ജോണിനും ഇപ്പോൾ സിവിൽ സർവീസ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ചൈത്ര. ഇത്തവണത്തെ സിവിൽ സർവിസ് പരീക്ഷയിൽ ഡോ.ജോർജ്ജ് അലൻ ജോണിന് 156ാം റാങ്ക് ലഭിച്ചു. അലനും ഐ.പി.എസിനാണ് സാദ്ധ്യത. പിതാവ് ഡോ. ജോൺ ജോസഫ് കേന്ദ്ര ധനകാര്യ സ്പെഷ്യൽ സെക്രട്ടറിയായാണ് വിരമിച്ചത്.അമ്മ ഡോ.മേരി അബ്രഹാം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്നു.കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് താമസം.'' അവൻ ഹാപ്പിയാണ് ; അതുകൊണ്ടു ഞാനും ഹാപ്പി''... സഹോദരന്റെ വിജയത്തെക്കുറിച്ച് ചൈത്രയുടെ പ്രതികരണംഇതായിരുന്നു.
ചൈത്രയുടെ വഴിയിലൂടെ തന്നെയാണ് അലന്റെയും വരവ്. ആദ്യശ്രമത്തിൽ ലഭിച്ചത് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവിസായിരുന്നു. ചൈത്രയ്ക്ക് ആദ്യം കിട്ടിയതും ഐ.ആർ.ടി.എസ് തന്നെ. ചേച്ചി ഐ.ആർ.ടി.എസിൽ ചേർന്നപ്പോൾ അലൻ അവിടേക്ക് തിരിഞ്ഞില്ലെന്ന് മാത്രം.ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഓർത്തോപീഡിക്‌സ് സർജനാണ് 29-കാരനായ അലൻ. കേരള മെഡിക്കൽ സർവകലാശാലയിൽ നിന്ന് എം.എസ് പൂർത്തിയാക്കിയത് ഒന്നാം റാങ്കോടെയാണ്. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് നേടിയത്. സ്കൂൾ പഠനം ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു.സിവിൽ സർവിസിൽ പ്രവേശിക്കുന്നതിന് മുമ്പ് ഡോ.ജോൺ ജോസഫ് സംസ്ഥാന സർവീസിൽ വെറ്ററിനറി സർജനായിരുന്നു. കഴിഞ്ഞ മേയ് 31 നാണ് ഇദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്ന് വിരമിച്ചത്. ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടില്ല.