ഉത്ര കൊലക്കേസ്: കുറ്റപത്രം 10ന് മുമ്പ്

Wednesday 05 August 2020 1:42 AM IST

അഞ്ചൽ: ഉത്ര കൊലക്കേസിന്റെ കുറ്റപത്രം 10ന് മുമ്പ് സമർപ്പിക്കും. ഉത്രയുടെയും മൂർഖൻ പാമ്പിന്റെയും പോസ്റ്റുമോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലം, ശാസ്ത്രീയ തെളിവുകൾ, ഡി.എൻ.എ പരിശോധനാഫലം, അന്വേഷണ സംഘം കണ്ടെത്തിയ മറ്റ് പ്രധാന തെളിവുകളുമുൾപ്പെടുത്തി മുന്നൂറിലധികം പേജുകളുള്ള കുറ്റപത്രമാണ് തയ്യാറാക്കുന്നത്. ഡി.എൻ.എ പരിശോധനാഫലവും ഫോറൻസിക് ലാബ് റിപ്പോർട്ടും ഇന്ന് ലഭിക്കും.

ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. പിന്നീട് അഡിഷണൽ റൂറൽ എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മേയ് 7 ന് രാത്രിയിലാണ് ഉത്രയെ ഏറത്തെ കുടുംബവീട്ടിൽ വച്ച് ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്.

ഏഴിനകം കുറ്റപത്രം സമർപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ടി വന്നതിനാൽ നീണ്ടുപോയതാണെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു.