ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാൽ അറസ്‌റ്റിൽ; തട്ടിപ്പിൽ പങ്കില്ലെന്നും തന്റെ ആക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നും ന്യായീകരണം

Wednesday 05 August 2020 11:26 AM IST

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തട്ടിപ്പ് നടത്തിയില്ലെന്നും തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നുമാണ് ബിജുലാലിന്റെ ന്യായീകരണം. പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാൾ ഇന്ന് അഭിഭാഷകന്റെ ഓഫീസിൽ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ ബിജുലാലിനെ കസ്‌റ്റഡിയിലെടുത്തത്.

വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായ എം.ആർ.ബിജുലാൽ കളക്‌ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാ‌റ്റി തട്ടിപ്പ് നടത്തിയതായാണ് കേസ്. തട്ടിപ്പ് വാർത്തയായപ്പോൾ ശനിയാ‌ഴ്‌ച വീട്ടിൽ നിന്നും ഒളിവിൽ പോയ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി നേരത്തെ സംശയിച്ചിരുന്നു. ബിജുലാലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദീകരണം ചോദിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക പൊലീസ് സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടിന്റെ യൂസർനെയിമും പാസ്‌വേർഡും കൈക്കലാക്കി തന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് ബിജുലാൽ രണ്ട് കോടിരൂപ മാ‌റ്റി. ഇതിൽ 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് മാ‌റ്റി. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബിജുലാലിനെ സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.