രാമക്ഷേത്ര നിർമാണം: പ്രിയങ്കാ ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ പ്രമേയം
മലപ്പുറം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുളള ഭൂമി പൂജ, രാജ്യത്ത് ഐക്യവും സാഹോദര്യവും സാംസ്കാരിക സമന്വയവും വിളംബരം ചെയ്യുന്നതാണെന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ളീംലീഗിന്റെ പ്രമേയം. പ്രസ്താവന അനവസരത്തിലുളളതാണെന്ന് പറഞ്ഞ ലീഗ് പ്രിയങ്ക പറഞ്ഞതിനാേട് വിയോജിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന ഹൈപവർ കമ്മിറ്റി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിക്കാത്തതിനാൽ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം.
ഇന്നലെയാണ് പ്രിയങ്കാഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. രാമൻ ലാളിത്യം, ധൈര്യം, ക്ഷമ, ത്യാഗം, ആത്മാർത്ഥത എന്നിവയുടെ മൂർത്തീഭാവമാണെന്നും രാമൻ എല്ലായിടത്തും ഏവരിലും കുടികൊളളുന്നുവെന്നും ഹിന്ദിയിൽ പ്രിയങ്ക ട്വീറ്റു ചെയ്തു. രാമന്റെയും സീതാ ദേവിയുടെയും അനുഗ്രഹത്തോടെ നടക്കുന്ന ഭൂമിപൂജാ ചടങ്ങ് രാജ്യത്ത് ഐക്യവും സാഹോദര്യവും സാസ്കാരിക വിനിമയവും പുലരാനുള്ള സാഹചര്യമൊരുക്കുമെന്നും പ്രിയങ്ക പറഞ്ഞു. കൊവിഡ് രോഗവ്യാപനത്തിനിടെ മാർഗരേഖ ലംഘിച്ച് മതപരമായ ചടങ്ങ് നടത്തുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതും പ്രതിപക്ഷ കക്ഷികൾ എതിർക്കുന്നതിനിടെയായിരുന്നു കോൺഗ്രസിന്റെ അപ്രതീക്ഷിത നിലപാട് മാറ്റം. കമൽനാഥ്, മനീഷ് തീവാരി തുടങ്ങിയ നേതാക്കളും ചടങ്ങിന് ആശംസ നേർന്നിരുന്നു.
ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക രാമക്ഷേത്രത്തെ പിന്തുണയ്ക്കുന്നത് പാർട്ടി വടക്കെ ഇന്ത്യയിൽ സ്വീകരിക്കുന്ന മൃദുഹിന്ദു സമീപനത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.