ആയുർവേദം ലക്ഷം പേർക്ക്; കൊവിഡ് ബാധ 342 മാത്രം

Thursday 06 August 2020 12:51 AM IST

തൃശൂർ: ക്വാറന്റൈനിലായിരിക്കേ ഭാരതീയ ചികിത്സാവകുപ്പിന്റെ അ​മൃ​തം പ​ദ്ധ​തി പ്രകാരം ആയുർവേദ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊ​വി​ഡ് ബാ​ധി​ത​രാ​യ​ത് 342 പേ​ർ (0.342 ശതമാനം) മാത്രം.ആരും ഗു​രു​ത​രാ​വ​സ്ഥ​യി​ലായില്ല. മേയ് 21 മുതൽ ജൂലായ് 8 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് 443 സമ്പർക്ക രോഗികൾ ഉൾപ്പെടെ 5,527 പേർക്കായിരുന്നു അന്ന് രോഗം.

ആയുർവേദ മരുന്ന് കഴിച്ച് രോഗത്തെ പ്രതിരോധിച്ചവരുടെ കണക്ക് അന്തർദ്ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കാനാണ് ആയുർവേദ കൊവിഡ് 19 റെസ്പോൺസ് സെല്ലിന്റെയും ഭാരതീയചികിത്സാ വകുപ്പിന്റെയും ശ്രമം. സാമൂഹിക വ്യാപന മുന്നറിയിപ്പിനെ തുടർന്നാണ് ആയുർവേദ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്ന ക്വാറന്റൈനിലുള്ളവരുടെ പ്രതിരോധശേഷി പഠിക്കാൻ തീരുമാനിച്ചത്.

 പഠനം ഇങ്ങനെ

മരുന്ന് കഴിക്കുന്നവരുടെയും കഴിക്കാത്തവരുടെയും വിവരം ഡിസ്പെൻസറികളിൽ നിന്ന് ശേഖരിക്കും. ഇവർ പോസിറ്റീവ് ആകുന്നുണ്ടോയെന്നും രോഗലക്ഷണങ്ങളും പരിശോധിക്കും. ആയുർവേദ മരുന്ന് ഉപയോഗിച്ചയാൾ പോസിറ്റീവ് ആയാൽ അതിന് എടുത്ത സമയവും തീവ്രതയും പഠിക്കും. ദിവസവും ഗൂഗിൾ ഫോം വഴി ഡോക്ടർമാർ വിവരം അയയ്‌ക്കും. കേസ് ഷീറ്റുകളും സൂക്ഷിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവർക്ക് ആയുർവേദ മരുന്ന് നൽകുന്നില്ല. നെഗറ്റീവ് ആയ ശേഷം ആരോഗ്യം വീണ്ടെടുക്കാൻ 'പുനർജനി' പദ്ധതിയുണ്ട്.

 പദ്ധതി

നാട്ടിലെത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നവർക്ക് 14 ദി​വ​സ​ത്തേ​ക്കു​ള്ള ക​ഷാ​യം, ഗു​ളി​ക, ചൂ​ർണം തുടങ്ങിയവ ന​ൽകും. സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർക്കായി ദി​വ​സേ​ന ക​ഷാ​യം തയ്യാറാക്കും. 28 ദിവസം വരെ നിരീക്ഷിക്കും. മരുന്ന് കഴിക്കാൻ താൽപ്പര്യമുണ്ടെന്ന സമ്മതപത്രം വാട്സ് ആപ്പിലൂടെ ശേഖരിക്കുന്നുണ്ട്.

നടപ്പാക്കുന്നത്: 1206 ആയുർരക്ഷാ ക്ലിനിക്കുകൾ വഴി

മരുന്ന് എത്തിക്കുന്നത്: സന്നദ്ധപ്രവർത്തകർ, ആശാ വർക്കർമാർ, വിദ്യാർത്ഥികൾ, റാപിഡ് റെസ്പോൺസ് ടീം

നടത്തിപ്പ്: ആയുർവേദ കൊവിഡ് റെസ്പോൺസ് സെൽ (ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ വിദ്യാഭ്യാസവകുപ്പ്, ആയുർവേദ മെഡിക്കൽ കോളേജുകൾ, റീജിയണൽ-ജില്ലാ റെസ്പോൺസ് സെല്ലുകൾ ഉൾപ്പെടുന്നത്)

സഹകരണം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ

'ക്വാറന്റൈനിലുള്ളവർക്ക് നൽകുന്ന ആയുർവേദ മരുന്നുകളുടെ ഉത്പാദനം ഔഷധിയിൽ ഇരട്ടിയാക്കിയിട്ടുണ്ട്. മറ്റുള്ളവരും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്'.

- കെ.വി. ഉത്തമൻ,

മാനേജിംഗ് ഡയറക്‌ടർ, ഔഷധി