ട്രഷറിയിൽ പണം തിരിമറി നടത്തിയ സംഭവം, ബിജുലാലിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കേരള സർവീസ് ചട്ടത്തിലെ 18–2 വകുപ്പ് അനുസരിച്ചാണ് സർക്കാർ ഉത്തരവ്. ബിജുലാലിനെ നോട്ടീസ് നൽകാതെ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസം ധനവകുപ്പ് തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ബിജുലാൽ കുറ്റം സമ്മതിച്ചിരുന്നു. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്നു ബിജുലാൽ.
രണ്ട് കോടിക്കു പുറമെ ഏപ്രിൽ മേയ് മാസങ്ങളിൽ 74 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പണം ഉപയോഗിച്ചു റമ്മി കളിക്കുകയും ഭൂമിയും സ്വർണവും വാങ്ങുകയും ചെയ്തുവെന്ന് ബിജുലാല്‍ മൊഴി നൽകി. യൂസർ ഐഡിയും പാസ്‍വേഡും മുൻ ട്രഷറി ഓഫിസർ തന്നെയാണ് നൽകിയത്. ഒരു ദിവസം ട്രഷറി ഓഫിസർ കംപ്യൂട്ടർ ഓഫാക്കാൻ തനിക്ക് പാസ്‍വേഡ് പറഞ്ഞു തന്നെന്നാണു ബിജുലാലിന്റെ വിശദീകരണം. മാർച്ച് മാസത്തിലായിരുന്നു ഇതെന്നാണ് ഇയാളുടെ മൊഴി. ട്രഷറി ഓഫിസർ അവധിയിൽ പോയശേഷം പണം പിൻവലിക്കുകയായിരുന്നുവെന്നും ബിജുലാൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.