സമ്പർക്കവ്യാപനത്തിന്റെ ഒരുമാസം, രോഗം പടർന്നത് 773 പേരിൽ
പത്തനംതിട്ട: ജില്ലയിൽ കൊവിഡ് സമ്പർക്കവ്യാപനം ഒരുമാസം പിന്നിടുമ്പോൾ രോഗം പടർന്നത് 773 പേരിലേക്ക്. പ്രാദേശികമായ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണിവർ. ആറുപേർ ജില്ലയിലെ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഇറ്റലിയിൽ നിന്ന് റാന്നി ഐത്തലയിലെത്തിയ കുടുംബവുമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. പ്രവാസികളും ഇതര സംസ്ഥാനക്കാരും എത്തുന്നതിന് മുൻപ് ജൂലായ് ആറുവരെ ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണം മൂന്നായിരുന്നു. പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ വിദ്യാർത്ഥി നേതാവിന് രോഗം സ്ഥിരീകരിച്ചത് ആറിനാണ്. രണ്ടാംഘട്ടത്തിൽ രണ്ട് ആരോഗ്യപ്രവർത്തകർ മാത്രമായിരുന്നു വിദ്യാർത്ഥി നേതാവിനു മുമ്പ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ജൂലായ് ഏഴിന് റാന്നി താലൂക്കാശുപത്രിയിലെ ഡോക്ടർക്കു രോഗം സ്ഥിരീകരിച്ചു. എട്ടിന് പത്തനംതിട്ട നഗരത്തിൽ മത്സ്യമൊത്തവ്യാപാരിയായ പ്രാദേശിക രാഷ്ട്രീയനേതാവിനും മറ്റൊരു മത്സ്യവ്യാപാരിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പർക്കവ്യാപനത്തിന്റെ രൂക്ഷത പ്രകടമായത്. കുലശേഖരപതി സ്വദേശികളിലാണ് രോഗം പടർന്നത്. ആദ്യം രോഗം കണ്ടെത്തിയ വിദ്യാർത്ഥി നേതാവും പിന്നീട് രോഗം സ്ഥിരീകരിച്ചവരും തമ്മിലുള്ള സമ്പർക്കവും വ്യക്തമായി. കുമ്പഴ മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു വ്യാപനത്തിന്റെ തോത് ആദ്യദിനങ്ങളിൽ കണ്ടത്. പിന്നീട് പത്തനംതിട്ടയ്ക്കു പുറത്തേക്കുമായി. കുമ്പഴ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ തന്നെ വലിയ ക്ലസറ്ററുകളിലൊന്ന് രൂപപ്പെട്ടു. ഇന്നലെ വരെ കുമ്പഴ ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 326 ആണ്. കുമ്പഴയ്ക്കു പിന്നാലെ അടൂരിൽ രൂപം കൊണ്ട ക്ലസ്റ്ററിനു കുമ്പഴയുമായി സമ്പർക്ക ബന്ധം ഉള്ളതായി സൂചന ലഭിച്ചു. അടൂർ ജനറൽ ആശുപത്രി കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററിൽ ഇന്നലെ വരെ 108 രോഗികളുണ്ട്. ചങ്ങനാശേരി ബന്ധത്തിലൂടെ കുറ്റപ്പുഴ, കോട്ടാങ്ങൽ, കുന്നന്താനം, പെരിങ്ങര പ്രദേശങ്ങളിലുണ്ടായ വ്യാപനമാണ് ജില്ലയിൽ നിലനിൽക്കുന്ന മറ്റൊരു ക്ലസ്റ്റർ വ്യാപനം. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രി, എആർ ക്യാമ്പ്, എന്നിവിടങ്ങളിലും ക്ലസ്റ്ററുകളായി. പൊലീസുകാർ, ആരോഗ്യപ്രവർത്തകർ, എക്‌സൈസ്, ആർ.ടി.ഒ, കേരള ബാങ്ക് ജീവനക്കാർ തുടങ്ങിയവരിലും സമ്പർക്കവ്യാപനം ഉണ്ടായി. ഉറവിടം അറിയാത്ത കേസുകളും ഇതിനൊപ്പം കണ്ടുവരുന്നുണ്ട്.