റീസൈക്കിൾ കേരള: ഡി.വൈ.എഫ്.ഐ ശേഖരിച്ചത് 11 കോടി രൂപ

Friday 07 August 2020 12:00 AM IST

കൊച്ചി:ലോക്ക് ഡൗൺ കാലത്ത് പാഴ്‌വസ്തുക്കളും പഴയ പത്രമാസികകളും പുനരുപയോഗിക്കാവുന്ന പ്ളാസ്റ്റിക്കും മറ്റും ശേഖരിച്ച് വിറ്റും കരകൗശല ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തിയും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സമാഹരിച്ചത് 10,95,86,537 രൂപ. റീസൈക്കിൾ കേരള എന്ന പദ്ധതിയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

നാടിന്റെ അതിജീവനത്തിലെ പുതിയ ചരിത്രമാണ് റീസൈക്കിൾ കേരളയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, പ്രസിഡന്റ് എസ്. സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രകൃതിവിഭവങ്ങൾ ശേഖരിച്ചു വിറ്റും പ്രവർത്തകർ കായികാദ്ധ്വാനം വഴിയും തുക സമാഹരിച്ചു. പരമ്പരാഗത കൈത്തറിമേഖലയിൽനിന്ന് 90ലക്ഷം രൂപയുടെ മുണ്ട് വാങ്ങി വില്പനനടത്തി നേടിയ ലാഭവിഹിതവും ഉപയോഗിച്ചു. മത്സ്യവും സാനിറ്റൈസറും വിറ്റും പണം ശേഖരിച്ചു.

കായികതാരങ്ങളായ അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സഹൽ അബ്ദുൾ സമദ്, സി.കെ. വിനീത് തുടങ്ങിയവർ സംഭാവന ചെയ്ത ജേഴ്സി ലേലത്തിൽവിറ്റു. പ്രമുഖർ സംഭാവനചെയ്ത ചിത്രങ്ങൾ ലേലത്തിൽ വിറ്റു.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് 11,922 ടി.വികളും 163 ടാബുകളും 157 സ്‌മാർട്ട് ഫോണുകളും ശേഖരിച്ചുനൽകി.

സ്വാതന്ത്ര്യദിനത്തിൽ

മതേതരജ്വാല തെളിക്കും

സ്വാതന്ത്ര്യദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം സംഘടിപ്പിക്കും. മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കാൽലക്ഷം കേന്ദ്രങ്ങളിൽ മതേതരജ്വാല തെളിക്കും.

വാർത്താസമ്മേളനത്തിൽ ട്രഷറർ എസ്.കെ. സജീഷ്, ജോയിന്റ് സെക്രട്ടറി വി.കെ. സനോജ്, വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ എന്നിവരും പങ്കെടുത്തു.

സമാഹരിച്ച തുക

കണ്ണൂർ: 1,65,42,059

കോഴിക്കോട്: 1,20,01,266

തിരുവനന്തപുരം: 1,15,00,000

തൃശൂർ: 1,07,29,328

മലപ്പുറം: 97,07,910

കൊല്ലം: 81,25,806

പാലക്കാട്: 80,38,668

കാസർകോട്: 64,21,884

എറണാകുളം: 64,00,000

പത്തനംതിട്ട: 61,84,337

ആലപ്പുഴ: 60,00,000

ഇടുക്കി: 35,19,480

കോട്ടയം: 22,49,092

വയനാട്: 21,66,707