സ്വപ്നയ്ക്ക് ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കുമെന്ന് കസ്റ്റംസ്
കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് ഭീഷണിയായ കേസാണെന്നും നാടിന്റെ സാമ്പത്തികഭദ്രത തകർക്കുന്ന കുറ്റമാണ് പ്രതികൾ ചെയ്തതെന്നും കസ്റ്റംസ് അധികൃതർ കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷയിലാണ് കസ്റ്റംസ് സൂപ്രണ്ട് സ്റ്റേറ്റ്മെന്റ് നൽകിയത്.
യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽനിന്ന് സ്വർണം പിടിച്ചതിനെത്തുടർന്ന് ഒളിവിൽ പോയിരുന്ന സ്വപ്ന ഉന്നതസ്വാധീനമുള്ള വ്യക്തിയാണ്. അധികാരത്തിന്റെ ഇടനാഴികളിലും കേരള പൊലീസിലും സ്വാധീനമുണ്ട്. ജാമ്യംനൽകിയാൽ പുറത്തിറങ്ങി ഇവർ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയുണ്ട്. നിരപരാധിയാണെന്ന സ്വപ്നയുടെവാദം ശരിയല്ല. സ്വർണക്കടത്തിന്റെ ഗൂഢാലോചനയിലുൾപ്പെടെ നിർണായക പങ്കുണ്ട്. കസ്റ്റംസിനു പുറമേ എൻ.ഐ.എയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതിയിൽ കസ്റ്റംസ് വ്യക്തമാക്കി.