മുൻ എം.എൽ.എ പി.നാരായണൻ അന്തരിച്ചു
Friday 07 August 2020 12:42 AM IST
വൈക്കം : മുൻ വൈക്കം എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.നാരായണൻ (68) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 6.15ന് വൈക്കത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1998 മുതൽ 2006 വരെ വൈക്കം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി.പി.ഐ ജില്ലാ എക്‌സി.അംഗം, മണ്ഡലം അസി.സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കിസാൻസഭ സംസ്ഥാന സമിതി അംഗം, ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്‌കാരം നഗരസഭയുടെ ശാന്തിവനത്തിൽ നടത്തി. ഭാര്യ: രാധ. മക്കൾ: അനിൽകുമാർ, അനീഷ്, അമ്പിളി. മരുമകൾ: ടിനു അനീഷ്.