പുനലൂർ തൂക്കു പാലത്തിന് 143 വയസ്

Friday 07 August 2020 1:11 AM IST

പുനലൂർ: ചരിത്ര സ്മാരകമായ പുനലൂർ തൂക്കു പാലത്തിന് 143 വയസ്. പുനലൂർ വഴി കടന്നു പോകുന്ന കല്ലടയാറിനു കുറുകേ പണിത തൂക്ക് പാലത്തിന്റെ നിർമ്മാണം 1877ലാണ് പൂർത്തിയാക്കിയത്. പുനലൂരിന്റെ സാമൂഹിക-സാംസ്കാരിക-വാണിജ്യ രംഗങ്ങളെ പൊളിച്ചെഴുതുന്നതിൽ തൂക്കുപാലം വഹിച്ച പങ്ക് വലുതാണ്. 1872ൽ ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് ആൽബർട്ട് ഹെൻട്രി എന്ന ബ്രിട്ടീഷ് എൻജിനിയറുടെ നേതൃത്വത്തിൽ തൂക്കുപാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 3 ലക്ഷം രൂപ ചെലവഴിച്ച് 2212 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. പാലത്തിന് 400 അടിയോളം നീളവും 16 അടി വീതിയുമുണ്ട്. ചിത്രപ്പണികൾ അടങ്ങിയ കരിങ്കല്ലിൽ കെട്ടിയുയർത്തിയ രണ്ട് ആർച്ചുകൾക്കുള്ളിലൂടെ രണ്ട് കൂറ്റൻ ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. 53 കണ്ണികൾ വീതമുള്ള രണ്ട് കൂറ്റൻ ഉരുക്ക് ചങ്ങലകളിലാണ് പാലം ബന്ധിപ്പിച്ചിരിക്കുന്നത്. രണ്ട് ചങ്ങലകളും ആറ്റിന്റെ രണ്ട് കരകളിലുമുള്ള നാല് കിണറുകൾക്കുള്ളിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

പുനലൂ‌ർ തൂക്കുപാലം

നീളം - 400 അടി  വീതി - 16 അടി

നിർമ്മാണം ആരംഭിച്ചത് - 1872ൽ

നിർമ്മാണം പൂർത്തിയാക്കിയത്​ -1877ൽ

പൂർത്തിയാക്കാനെടുത്തത് 2212 ദിവസം

നിർമ്മാണ ചെലവ് - 3 ലക്ഷം രൂപ

സംരക്ഷിത സ്മാരകം

തൂക്കുപാലം യാഥാർത്ഥ്യമായതോടെയൊണ് കേരളം തമിഴ്നാടുമായുള്ള വാണിജ്യ, വ്യാപാര ബന്ധം ശക്തമാക്കിയത്. സമീപത്ത് പുതിയ കോൺക്രീറ്റ് പാലം സമാന്തരമായി നിർമ്മിക്കപ്പെട്ടതോടെ തൂക്കു പാലം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കി മാറ്റുകയായിരുന്നു. മുൻപ് വനപ്രദേശമായിരുന്ന ഇവിടെ കോൺ‍ക്രീറ്റ് പാലം പണിതാൽ മൃഗങ്ങൾ അനായാസം പാലത്തിലൂടെ കടന്ന് വരും. ഇത് മനസിലാക്കിയാണ് കല്ലടയാറിന് മദ്ധ്യേ തൂക്കുപാലം തന്നെ നിർമ്മിച്ചത്. പാലം ആടിയുലയുന്നതിനാൽ വന്യമൃഗങ്ങൾ തൂക്ക് പാലത്തിൽ കയറാൻ ഭയക്കും.