അഷ്ടവൈദ്യൻ നാരായണൻ മൂസിന് അന്ത്യാഞ്ജലി

Friday 07 August 2020 1:22 AM IST

തൃശൂർ/ഒല്ലൂർ: ആയുർവേദത്തിന്റെ പെരുമയെയും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെയും ആധുനികകാലവുമായി കൂട്ടിയിണക്കിയ പ്രമുഖ ചികിത്സകനും വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ.ടി നാരായണൻ മൂസിന് ആയുർവേദ, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക മേഖലയുടെ അന്ത്യാഞ്ജലി.

സംസ്ഥാനത്തിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട്ടുശേരി എളയിടത്ത് തൈക്കാട്ട് മനയിൽ മൃതദേഹം സംസ്‌കരിച്ചു. രാവിലെ ഒമ്പതോടെ തൈക്കാട്ട് മനയിൽ ചടങ്ങ് തുടങ്ങി. മനയിലെ വളപ്പിൽ, അച്ഛനും മുത്തച്ഛനും അന്തിയുറങ്ങുന്ന മണ്ണിലായിരുന്നു നാരായണൻ മൂസിന്റെയും അന്ത്യവിശ്രമം. മൂത്ത മകൻ അഷ്ടവൈദ്യൻ ഡോ. ഇ.ടി നീലകണ്ഠൻ മൂസ്, ചെറുമകൻ ഡോ. യദു മൂസ് എന്നിവർ ചേർന്ന് മരണാനന്തര ചടങ്ങ് നിർവഹിച്ചു. ഡോ. നീലകണ്ഠൻ മൂസ് ചിതയ്ക്ക് തീ കൊളുത്തിയതോടെ വൈദ്യരത്നം ഗ്രൂപ്പിൻ്റെ അമരക്കാരനായ ഇ.ടി നാരായണൻ മൂസ് ഓർമ്മയായി. മുഖ്യമന്ത്രി പിണറായി വിജയനായി കളക്ടർ എസ്. ഷാനവാസ് പുഷ്പചക്രം സമർപ്പിച്ചു.മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽ കുമാർ, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, രാജാജി മാത്യു തോമസ്, ടി.വി ചന്ദ്രമോഹൻ, ഐ.പി പോൾ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, പെരുവനം കുട്ടൻ മാരാർ, ഡോ.ഡി. രാമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

ബുധനാഴ്ച രാത്രി എട്ടോടെ തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസമായി കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ അത്യാഹിത വിഭാഗത്തിലായിരുന്നു.