വനംവകുപ്പിലെ കസ്റ്റഡി മരണം: നടപടികൾ നിയമവിരുദ്ധമെന്ന് പൊലീസ്

Friday 07 August 2020 1:51 AM IST

പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ചിറ്റാർ കുടപ്പന സ്വദേശി മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചതു മുതൽ വനപാലകർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് പൊലീസ്. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നിമയങ്ങൾ പാലിച്ചിട്ടില്ല. മഹസറിലും ജനറൽ ഡയറിയിലും കൃത്രിമത്വവും പൊരുത്തക്കേക‌ടും കണ്ടെത്തി. അന്വേഷണം പൂർത്തിയാക്കും മുമ്പ് ചില കാര്യങ്ങളിൽ പൊലീസ് നിയമോപദേശം തേടും.

വനപാലകരുൾപ്പെടെ 55 പേരെ ചോദ്യംചെയ്തു. ഇന്നലെ റാന്നി ഡി.എഫ്.ഒയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വനപാലകർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാനുള്ള തെളിവുകൾ ലഭിച്ചെന്നാണ് സൂചന. വനത്തിൽ നിന്ന് കാമറ മോഷ്ടിച്ചെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്ത ഫാം ഉടമയായ മത്തായിയെ 28നാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

 സഹകരിക്കാതെ വനപാലകർ

പൊലീസിന്റെ ചോദ്യം ചെയ്യലിനോട് വനപാലകർ സഹകരിക്കുന്നില്ലെന്നും വിവരമുണ്ട്. മത്തായിയെ കസ്റ്റഡിയിലെടുക്കുമ്പോൾ പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകൾ എവിടെയാണെന്നും വനപാലകർ പറയുന്നില്ല. ചില ചോദ്യങ്ങൾക്ക് വിശ്വസനീയവുമായ ഉത്തരം നൽകുന്നില്ല. ജി.ഡിയിലും മഹസറിലും കൃത്രിമവും പൊരുത്തക്കേടുകളും കണ്ടതിനെപ്പറ്റി ചോദിച്ചപ്പോഴും അവർ ഒഴിഞ്ഞുമാറുകായാണ്. ഇതേത്തുടർന്ന ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന നിലപാടിലാണ് പൊലീസ്.