രാജമലയിൽ എയർലിഫ്‌റ്റിംഗ് ആലോചിച്ച് സംസ്ഥാന സർക്കാർ; ഹെലികോ‌പ്റ്ററിന് വ്യോമസേനയുടെ സഹായം തേടി

Friday 07 August 2020 11:47 AM IST

തിരുവനന്തപുരം: മണ്ണിടിച്ചിലുണ്ടായ രാജമലയിൽ നിന്ന് സാദ്ധ്യമായാൽ എയർലിഫ്‌റ്റിംഗ് ആലോചിക്കുകയാണെന്ന് സംസ്ഥാന സർക്കാർ. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് നടത്തും. നിലവിൽ അവിടെ രക്ഷാപ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെേട്ടിട്ടുണ്ട്. ഹെലികോപ്റ്റർ ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജമലയ്ക്കടുത്തുള്ള പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങൾക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം. ഇരവികുളം നാഷണൽ പാർക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. എത്ര പേർ അപകടത്തിൽപ്പെട്ടു എന്നതിൽ വ്യക്തതയില്ല. അഞ്ച് മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തതായാണ് വിവരം.

രണ്ട് വാഹനങ്ങളിലായി പത്ത് പേരെ പരിക്കേറ്റ നിലയിൽ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലേക്ക് രാജമലയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. തമിഴ്തോട്ടം തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്. മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. മൊബൈൽ ഫോൺ ടവറുകൾ കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് അവിടെ എത്തിയത്. ഇതും തകർന്നതായാണ് വിവരം. ലാൻഡ് ലൈനുകളും പ്രവ‍ർത്തിക്കുന്നില്ല. താത്ക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്.