ചെന്നിത്തല സർസംഘചാലകെന്ന് തെളിഞ്ഞു,​ ലീഗ് യു.ഡി.എഫിൽ തുടർന്നാൽ നേതാക്കളെ അണികൾ ഒറ്റപ്പെടുത്തും: കോടിയേരി

Saturday 08 August 2020 12:00 AM IST

തിരുവനന്തപുരം: രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ച് സി.പി.എം മുഖപത്രത്തിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിലെ സർസംഘചാലക് ആണെന്ന് വിശേഷിപ്പിച്ചതിന്റെ പ്രസക്തി വർദ്ധിക്കുകയാണെന്നും ക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസ് പിന്തുണച്ച സാഹചര്യത്തിൽ യു.ഡി.എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽ നിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടുമെന്നും കോടിയേരി പറയുന്നു.

രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി ശിലപാകിയ വിഷയവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വ നയത്തിൽ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയിൽ ഒതുക്കുക വഴി കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചു. കോൺഗ്രസ് വഞ്ചനയിൽ സമസ്തയും അവരുടെ മുഖപത്രവും ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. സ്വന്തം പത്രത്തിന്റെ മുഖപ്രസംഗത്തിലെ വികാരത്തോട് പോലും നീതി പുലർത്താത്ത തീരുമാനമാണ് ലീഗ് നേതൃത്വത്തിന്റേത്.

അയോദ്ധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ചപ്പോൾ നരസിംഹറാവു ഭരണം കൈയുംകെട്ടി നിന്നതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന്‌ വിട്ടുനിൽക്കാൻ മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. തീരുമാനം അട്ടിമറിച്ചതിനെത്തുടർന്ന് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള മോദി സർക്കാരിന്റെ അധാർമികതയ്ക്ക് കൂട്ടുനിൽക്കുന്നതിലൂടെ കോൺഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനും മേൽ ഉണങ്ങാത്ത മുറിവ് ഏല്പിച്ചിരിക്കുകയാണ്.

കോൺഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് കഴിയില്ല. കേരളത്തിൽ ബി.ജെ.പി ഭരണം കൊണ്ടുവരികയെന്നത് മോദി- അമിത്ഷാ ടീമിന്റെ ലക്ഷ്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തി ഇവിടെ അത്രപെട്ടെന്ന് ചോർത്താനാകില്ലെന്നതിനാൽ കോൺഗ്രസുമായി കൂടിച്ചേർന്ന് രാഷ്ട്രീയ അട്ടിമറി നടത്താനാണ് ബി.ജെ.പി നീക്കം. സംഘപരിവാർ ചായ്‌വുള്ള കോൺഗ്രസുകാരെ അധികാരത്തിൽ കൊണ്ടുവരിക, അതിനുശേഷം കർണാടകത്തിലും മദ്ധ്യപ്രദേശിലുമൊക്കെ ചെയ്തതുപോലെ കൂട്ട കാലുമാറ്റം നടത്തി ഭരണമുണ്ടാക്കുക എന്നതാണ് സംഘപരിവാർ പദ്ധതി. ഈ പശ്ചാത്തലത്തിൽ വേണം ആർ.എസ്.എസുകാരെക്കാൾ നന്നായി അവരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന ചെന്നിത്തലയുടെ വാക്കും പ്രവൃത്തിയും വിലയിരുത്തേണ്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലും നാടിന്റെ വികസനപ്രക്രിയയിലും ഇന്ത്യയ്ക്ക് തന്നെ മാതൃകയായി കേരളത്തെ മാറ്റിത്തീർത്ത സർക്കാരിനെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബി.ജെ.പിയുടെ ഉച്ചഭാഷിണിയായി പ്രതിപക്ഷനേതാവ് തരംതാണിരിക്കുന്നത് അതുകൊണ്ടാണെന്നും കോടിയേരി കുറ്റപ്പെടുത്തി.