അവരിനി വരില്ലെന്നറിയാം; എങ്കിലും ദൂരെ കണ്ണും നട്ട് നന്ദു:അമ്മ സൗമ്യയും

Saturday 08 August 2020 12:38 AM IST

മലപ്പുറം: പോത്തുകല്ലിലെ സർക്കാർ ദുരിതാശ്വാസ ക്യാമ്പിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ നന്ദുവിന് കുഞ്ഞനിയത്തിയെ ഓർമ്മ വരും. പിന്നാലെ, അച്ഛനെയും അമ്മൂമ്മയെയും. കണ്ണ് നിറഞ്ഞെത്തുന്ന അവനെ വാരിപ്പുണരുന്ന അമ്മ സൗമ്യയുടെ നെഞ്ചിൽ അതിലും വലിയ സങ്കടക്കടൽ . ഉറ്റവർ തിരിച്ചു വരില്ലെന്നറിയാമെങ്കിലും അവർ വഴിയിലേയ്ക്ക് നോക്കിയിരിക്കും.

കഴിഞ്ഞ വർഷം ഇതേ ദിവസം രാത്രി ആർത്തലച്ചെത്തിയ മുത്തപ്പൻകുന്ന് ,സൗമ്യയുടെ ഭർത്താവും മകളുമടക്കം 14 കുടുംബാംഗങ്ങളെയാണ് മണ്ണിനടിയിലാക്കിയത്. 59 ജീവനുകളെടുത്ത കവളപ്പാറ ഉരുൾപൊട്ടലിൽ ഏറ്റവും വലിയ ആൾനഷ്ടമുണ്ടായതും ഇവ‌ർക്കാണ്. ഭൂദാനം കോളനിയിലെ ഇവരുടെ വീടുകൾ നിന്നിടത്തിപ്പോൾ കുന്നോളം പൊക്കത്തിൽ മൺകൂനയും കാടുമാണ്.

സൗമ്യയുടെ ഭർത്താവ് വാളലത്ത് വിജേഷ്, എട്ട് വയസുകാരി മകൾ വിഷ്ണുപ്രിയ, വിജേഷിന്റെ അമ്മ കല്യാണി, അവരുടെ അമ്മ ചക്കി, വിജേഷിന്റെ സഹോദരങ്ങളായ സന്തോഷ്, ശ്രീലക്ഷ്മി, വിജയലക്ഷ്മി, സുനിത, ഭർതൃപിതാവിന്റെ സഹോദരി നീലി, നീലിയുടെ ഭർത്താവ് ഇമ്പിപ്പാലൻ, മകൻ സുബ്രഹ്മണ്യൻ, സുബ്രഹ്മണ്യന്റെ ഭാര്യ സുധ, വിരുന്നെത്തിയ ബന്ധുക്കളായ ചന്ദ്രിക, മകൾ സ്വാതി എന്നിവരടക്കം കുടുംബത്തിന്റെ വേരൊന്നാകെ ദുരന്തം അറുത്തെടുത്തു.

വിജേഷും മകളുമടക്കം പത്ത് പേരുടെ മൃതദേഹമാണ് കിട്ടിയത്. 19 ദിവസം തെരഞ്ഞിട്ടും നാലുപേരെ കണ്ടെത്താനായില്ല. പല കഷ്ണങ്ങളായി ചിതറിയ പ്രിയപ്പെട്ടവനെയും മകളെയും അവസാനമായി ഒരു നോക്കുപോലും സൗമ്യ കണ്ടില്ല. 13കാരനായ നന്ദുവെന്ന വിനയ്ചന്ദ്രന് പത്ത് മാസം പ്രായമായപ്പോൾ തുടങ്ങിയതാണ് അരിവാൾ രോഗം. ദുരന്തത്തിന് നാല് ദിവസം മുമ്പ് പനിയെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഉരുൾപൊട്ടിയ ദിവസം രാവിലെ 11 വരെ വിജേഷ് ആശുപത്രിയിലുണ്ടായിരുന്നു. മകളെ തനിച്ചാക്കേണ്ടെന്ന് പറഞ്ഞാണ് ഭർത്താവിനെ സൗമ്യ വീട്ടിലേക്ക് പറഞ്ഞയച്ചത്

തല ചായ്ക്കാൻ

വേണമൊരു വീട്

29 വയസിനിടെ സങ്കടക്കടലുകൾ താണ്ടിയ സൗമ്യയുടെ ഇനിയുള്ള ആഗ്രഹം മകനൊപ്പം കഴിയാൻ സ്വന്തമൊരു വീടാണ്. ഒരുവ‍ർഷമായി പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. പി.വി.സി നിർമ്മാണ യൂണിറ്റിൽ ജോലി ലഭിച്ചെങ്കിലും ദൂരക്കൂടുതൽ മൂലം മകനെ വിട്ട് പോകാനായില്ല. നഷ്ടപരിഹാരമായി ലഭിച്ച എട്ട് ലക്ഷം രൂപ മകന്റെ പേരിൽ ബാങ്കിലിട്ടു. 18 വയസ്സ് കഴിഞ്ഞാലേ കിട്ടൂ.വീടും സ്ഥവും വാങ്ങാൻ സർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ ഇനിയും അക്കൗണ്ടിലെത്തിയില്ല..ക്യാമ്പിലെ അസൗകര്യങ്ങൾക്കിടയിലാണ്

മറ്റ് 21 കുടുംബങ്ങളുടെയും ജീവിതം.