കനത്ത മഴയിൽ റൺവേ കാണാൻ കഴിഞ്ഞില്ല,​ വിമാനപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്ടൻ ദീപക് സാത്തേക്ക് 30 വർഷത്തെ പരിചയസമ്പത്ത്

Friday 07 August 2020 11:23 PM IST

കോഴിക്കോട്: കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തിന് ഇടയാക്കിയത് കനത്ത മഴമൂലം പൈലറ്റിന് റൺവേ കാണാൻ സാധിക്കാത്തതിനെ തുടർന്നെന്നാണ് പ്രാഥമിക നിഗമനം. മഴ കാരണം രണ്ടാമത്തെ ശ്രമത്തിനൊടുവിലാണ് വിമാനം റൺവേ തൊട്ടതെന്നാണ് വിവരം.. റൺവേയുടെ 25 മീറ്ററോളം പിന്നിട്ട ശേഷമാണ് വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിഞ്ഞത്. വിമാനത്തിന്റെ മുൻ ചക്രങ്ങൾ അൺലോക്കായതും വിമാനം നിയന്ത്രിക്കാൻ കഴിയാതായതിന് കാരണമായെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന അനൗദ്യോഗിക വിശദീകരണം..

വിമാനദുരന്തത്തിൽ മരിച്ച പൈലറ്റ് ക്യാപ്ടൻ ദീപക് സാത്തേയ്ക്കുള്ളത്30 വർഷത്തെ പരിചയ സമ്പത്താണ്. വ്യോമസേനയിൽ 12 വർഷത്തെ സേവനത്തിന് ശേഷം വാളണ്ടറി റിട്ടയർമെന്റ് എടുത്താണ് ദീപക് വി.. സാത്തേ എയർ ഇന്ത്യയിൽ പ്രവേശിച്ചത്. എയർ ഇന്ത്യയിൽ ചേരുന്നതിന് മുൻപ് വ്യോമസേനയിലെ എക്‌സ്പിരിമെന്റൽ ടെസ്റ്റ് പൈലറ്റ് ആയിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും 1980ലാണ് കോഴ്‌സ് പൂർത്തിയാക്കിയത്. എയർഫോഴ്‌സ് അക്കാദമിയിൽ നിന്നും സ്വോർഡ് ഓഫ് ഹോണർ ബഹുമതി നേടിയിട്ടുണ്ട്.

എയർ ഇന്ത്യ എക്‌സപ്രസ് ബോയിംഗ് 737ന്റെ പൈലറ്റായി പ്രവേശിക്കുന്നതിന് മുൻപ് എയർ ഇന്ത്യ എയർബസ് 310ന്റെ പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പം മുംബൈയിലെ പോവൈയിലായിരുന്നുതാമസം.