അതിതീവ്രമഴ, 4 ജില്ലകളിൽ റെഡ് അലർട്ട്

Saturday 08 August 2020 12:49 AM IST

തിരുവനന്തപുരം:നാലു ദിവസം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെയാണ് മഴ തീവ്രമാകുന്നത്. ഈ ന്യൂനമർദ്ദം 9ന് ദുർബലമാകുമെന്നും ബംഗാൾ ഉൾക്കടലിൽ തെക്കു പടിഞ്ഞാറായി പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വിദ്ഗ്ദർ പറയുന്നു.

ഇന്ന് മദ്ധ്യ കേരളത്തിലും ചില വടക്കൻ ജില്ലകളിലും തീവ്രമഴ ഉണ്ടായേക്കും.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ളതിനാൽ മാറി താമസിക്കണം.

കേരള തീരത്ത് 3.5 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കും. കടൽ പ്രക്ഷുബ്ധമാകും. തീരദേശവാസികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ വകുപ്പ് നിർദേശം നൽകി.