പമ്പ കരകവിഞ്ഞൊഴുകുന്നു; ഡാം തുറക്കാൻ സാദ്ധ്യത, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ തയ്യാർ

Saturday 08 August 2020 12:42 PM IST

പത്തനംതിട്ട: കനത്ത മഴയിൽ പമ്പ കരകവിഞ്ഞൊഴുകുന്നു. പമ്പ അണക്കെട്ട് തുറക്കാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കോഴഞ്ചേരി– തിരുവല്ല റോഡിലെ മാരാമണ്ണിൽ വെള്ളം കയറി. ചെങ്ങന്നൂർ, പുത്തൻകാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ചെങ്ങന്നൂർ-കോഴഞ്ചേരി പാതയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലകളിലെ നദികളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്.

ആറന്മുളയിൽ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ്. തോട്ടപ്പുഴശേരി പഞ്ചായത്തിൽ 4 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഇന്നലെ വൈകിട്ടോടെ തുറന്നു. നൂറിൽ അധികം പേർ ഇവിടങ്ങളിലേക്ക് എത്തി. രാത്രിയോടെ കൂടുതൽ ആൾക്കാർ എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. രക്ഷപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികളെ ജില്ലയിൽ എത്തിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി 7ന് പമ്പാ നദിയിലെ ജലനിരപ്പ് 7.5 മീറ്റർ കടന്നു.

അതേസമയം സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കോട്ടയത്ത് വെള്ളപ്പൊക്ക സാദ്ധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകർന്നു.