ആശങ്കയായി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്‌നാടിന് കത്തയച്ച് കേരളം

Saturday 08 August 2020 3:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക സൃഷ്‌ടിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാടിന് കത്തയച്ച് കേരളം. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവന്ന് ഒഴുക്കിവിടണമെന്നാണ് കത്തിൽ കേരളം പ്രധാനമായും ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‍നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖനാണ് കത്തയച്ചത്. ഷട്ടറുകൾ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് വിവരം അറിയിക്കണമെന്നാണ് കേരളത്തിന്റെ അഭ്യർത്ഥന.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി മീറ്ററും 157.2 മി മീറ്ററും മഴയാണ്. ഈ സമയത്തിനുള്ളിൽ ഏഴ് അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാദ്ധ്യത. കട്ടപ്പന എം.ഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ നൽകിയ വിവരം പ്രകാരം തമിഴ്നാടിന്റെ ഭാഗമായ പെരിയാർ ഡാമിന്റെ സർപ്ളസ് ഷട്ടറുകൾ 1,22,000 ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണ്.

ചാലക്കുടി ബേസിനിൽ വെള്ളത്തിന്റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നതായും അറിയുന്നു. അതിനാൽ പി.എ.പി സിസ്റ്റത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എഞ്ചിനീയർമാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചർച്ച ചെയ്യുകയും വേണമെന്ന് ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ റിസർവോയറിന്റെ ക്യാച്മെന്റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തിയതി ഉച്ചയ്‌ക്ക് രണ്ട് മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു. വരുന്ന രണ്ടു ദിവസങ്ങൾ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവിൽ റിസർവോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്സും, ടണൽ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്സും ആണ്.