മുകേഷ് അംബാനി, നാലാമത്തെ വലിയ ശതകോടീശ്വരൻ
മുംബയ്: ലോകത്തെ നാലാമത്തെ വലിയ സമ്പന്നനെന്ന പട്ടം ഇനി റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് സ്വന്തം. 8,060 കോടി ഡോളറാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്‌തി; സുമാർ 6.04 ലക്ഷം കോടി. ബ്ളൂംബെർഗിന്റെ ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ഈവർഷം മാത്രം ആസ്‌തിയിലുണ്ടായ വർദ്ധന 2,200 കോടി ഡോളറാണ് (1.65 ലക്ഷം കോടി രൂപ).
ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ എൽ.വി.എം.എച്ചിന്റെ മേധാവി ബെർണാഡ് അർണോൾട്ടിനെയാണ് അംബാനി അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളിയത്. ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്, ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സ്ഥാപകരായ സെർജീ ബ്രിൻ, ലാറി പേജ്, ബെർക്‌ഷെയർ ഹാത്തവേ തലവൻ വാറൻ ബഫറ്ര് എന്നിവരെയും ഈവർഷം അംബാനി കടത്തിവെട്ടി.
18,700 കോടി ഡോളർ ആസ്‌തിയുമായി ആമസോൺ തലവൻ ജെഫ് ബെസോസാണ് ലോകത്തെ ഏറ്രവും സമ്പന്നൻ. മൈക്രോസോഫ്‌റ്ര് സ്ഥാപകൻ ബിൽ ഗേറ്ര്‌സ് (12,100 കോടി ഡോളർ), ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് (10,200 കോടി ഡോളർ) എന്നിവരാണ് രണ്ടും മൂന്നുംസ്ഥാനങ്ങളിൽ യഥാക്രമം. ഗൂഗിൾ, ഫേസ്ബുക്ക് എന്നിവയിൽ നിന്നുൾപ്പെടെ റിലയൻസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോയിലേക്ക് വൻതോതിൽ നിക്ഷേപമൊഴുകിയതാണ് മുകേഷ് അംബാനിയുടെ ആസ്‌തി ഉയരാൻ വഴിയൊരുക്കിയത്.
അതിസമ്പന്നർ
(ആസ്‌തി കോടിയിൽ)
1. ജെഫ് ബെസോസ് : $18,700
2. ബിൽ ഗേറ്ര്‌സ് : $12,100
3. മാർക്ക് സുക്കർബർഗ് : $10,200
4. മുകേഷ് അംബാനി : $8,060
5. ബെർണാഡ് അർണോൾട്ട് : $8,020
6. വാറൻ ബഫറ്ര് : $7,920
7. സ്‌റ്റീവ് ബോൾമെർ : $7,640
8. ലാറീ പേജ് : $7,130
9. സെർജീ ബ്രിൻ : $6,910
10. എലോൺ മസ്‌ക് : $6,870