കൊവിഡ് ഇൻഷ്വറൻസ്: ₹563 കോടി കൈമാറി
ന്യൂഡൽഹി: രാജ്യത്തെ ഇൻഷ്വറൻസ് കമ്പനികൾക്ക് ഇതിനകം ലഭിച്ചത് 90,624 കൊവിഡ് ഇൻഷ്വറൻസ് ക്ളെയിമുകൾ. 1,463 കോടി രൂപയാണ് ഇതിന്റെ മൂല്യം. എന്നാൽ, ആഗസ്‌റ്ര് ആറുവരെയുള്ള കണക്കുപ്രകാരം ഇതിൽ 563.81 കോടി രൂപയുടെ 59,641 ക്ളെയിമുകളാണ് തീർപ്പാക്കിയതെന്ന് ജനറൽ ഇൻഷ്വറൻസ് കൗൺസിൽ വ്യക്തമാക്കി.
കൊവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളാണ് ക്ളെയിമുകളിൽ മുന്നിൽ. 39,356 കേസുകളിലായി 508.18 കോടി രൂപയുടെ ക്ളെയിമാണ് മഹാരാഷ്‌ട്ര ഉയർത്തിയത്. 26,012 കേസുകളിലായി 188.16 കോടി രൂപ ഇതിനകം നൽകി. തുക ഇതിനകം കൈപ്പറ്റിയ സംസ്ഥാനങ്ങളിൽ രണ്ടാമത് ഡൽഹിയാണ്; 101.27 കോടി രൂപ. 71.45 കോടി രൂപ നേടി തമിഴ്‌നാടാണ് മുന്നാമത്.
അതേസമയം, ഏറ്റവുമധികം തുക ക്ളെയിം ചെയ്‌തവയിൽ 204.18 കോടി രൂപയുമായി മഹാരാഷ്‌ട്രയ്ക്ക് പിന്നിൽ രണ്ടാമതായി തമിഴ്‌നാടുണ്ട്. 212.99 കോടി രൂപയാണ് ഡൽഹിയുടെ ക്ളെയിം. കൊവിഡ് ഇൻഷ്വറൻസുള്ളവരിൽ ഇതിനകം മരണപ്പെട്ടത് 1,665 പേരാണ്. 26,753 പേർ ചികിത്സയിൽ തുടരുന്നു. 62,206 പേർ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി.
ക്ളെയിമിൽ കേരളം പിന്നിൽ!
കൊവിഡ് ഇൻഷ്വറൻസ് ക്ളെയിമുകളിൽ ആദ്യ ഒമ്പത് സംസ്ഥാനങ്ങളിൽ കേരളമില്ല. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, കർണാടക, ബംഗാൾ, തെലങ്കാന, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ക്ളെയിമുകൾ. കൊവിഡിനെതിരെ കേരളം സ്വീകരിച്ച മികച്ച പ്രതിരോധ നടപടികളാണ് അസുഖബാധിതരുടെ എണ്ണവും ക്ളെയിമുകളും താരതമ്യേന കുറയാൻ കാരണം.
കൊറോണ കവച്
കൊവിഡ് വ്യാപനം ആശങ്കാജനകമായി ഉയർന്ന പശ്‌ചാത്തലത്തിൽ, കൊവിഡ് ചികിത്സയ്ക്ക് പണലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന 'കൊറോണ കവച ഇൻഷ്വറൻസ് പോളിസി" പുറത്തിറക്കാൻ 29 ജനറൽ, ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികൾക്ക് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) അനുമതി നൽകിയിരുന്നു. സം അഷ്വേർഡ് തുക 50,000 മുതൽ അഞ്ചുലക്ഷം രൂപവരെയാണ്. 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് കൊറോണ കവച ഇൻഷ്വർ പോളിസി എടുക്കാം.