ഉമ്മയും കുഞ്ഞനുജനും പോയതറിയാതെ...

Sunday 09 August 2020 12:43 AM IST

കോഴിക്കോട്: ഉമ്മയെയും കുഞ്ഞനുജനെയും കാണാതെ മൂന്ന് വയസുകാരി മറിയം കാത്തിരിക്കുകയാണ്. നാട്ടിലെത്തും മുമ്പേ ഉമ്മ സാഹിറ ബാനുവും കുഞ്ഞു സഹോദരൻ അസം മുഹമ്മദും വിട്ടു പോയതറിയാതെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുകയാണ് മറിയം ബിൻസ് മുഹമ്മദ്. ഏറെ ദൂരെയല്ലാതെ മെയ്‌ത്ര ആശുപത്രിയിൽ ആറു വയസുകാരൻ ലഹൻ മുഹമ്മദുമുണ്ട് ആധിയോടെ.

മേരിക്കുന്ന് നിഷി മൻസിലിൽ നിജാസ് ചെമ്പയിന്റെ ഭാര്യ എം.സാഹിറ ബാനു (29)​,​ മക്കളായ അസം മുഹമ്മദ് (10 മാസം)​,​ മറിയം ബിൻസ് മുഹമ്മദ് (3)​,​ ലഹൻ മുഹമ്മദ് (6)​ എന്നിവർ വിമാനത്തി​ന്റെ മുൻഭാഗത്തായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാഹിറയെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ എത്തിച്ചതായിരുന്നു. പിന്നീട് മരണം സ്ഥിരീകരിച്ചു. മകൻ അസം മുഹമ്മദിനും തലയ്ക്കാണ് പരിക്ക്. ആന്തരിക രക്തസ്രാവമാണ് മരണകാരണം.

ദുബായിൽ അക്കൗണ്ടന്റായ ഭർത്താവ് നിജാസ് ചെമ്പയിലിനൊപ്പം പത്ത് വർഷമായി അവിടെയായിരുന്നു സാഹിറ. ഒരു വർഷം മുമ്പാണ് വന്നു പോയത്. സാഹിറ ബാനുവിന്റെ പി.എസ്.സി കോച്ചിംഗിനു വേണ്ടി നേരത്തെ യാത്ര തീരുമാനിച്ചതായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ വന്നതോടെ യാത്ര നീണ്ടു. പിന്നീട് വന്ദേ ഭാരത് മിഷനിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഒടുവിൽ വെള്ളിയാഴ്ചത്തെ വിമാനത്തിൽ നിജാസ് ഇവരെ യാത്രയാക്കി. റിട്ട. അദ്ധ്യാപകൻ മഞ്ചറ മുഹമ്മദ് അലിയുടെ ആറ് മക്കളിൽ നാലാമത്തെയാളാണ് ആയുർവേദ ഫാർമസി കോഴ്സ് കഴിഞ്ഞ സാഹിറ.

സാഹിറയുടെ ബന്ധുക്കളായ ഡോ. സജാദ് ഹുസെെനും ബന്ധുക്കളും എത്തി മൃതദേഹം ഏറ്റുവാങ്ങി. ഭർത്താവ് നിജാസ് ദുബായിൽ നിന്ന് ഇന്നലെ രാത്രി എത്തി.