'എൻ പുള്ളങ്കളെ തിരുമ്പി തര മുടിയമാ സർ'
മൂന്നാർ: "മണ്ണുക്കളെ ഇരിക്കും എൻ പുള്ളങ്കളെ തിരുമ്പി തര മുടിയുമാ സർ..." പെട്ടിമുടിയിൽ കറുപ്പായി എന്ന എഴുപതുകാരിയുടേതാണ് ഈ രോദനം. ഭർത്താവും മൂന്ന് പെൺമക്കളും അവരുടെ ഭർത്താക്കൻമാരും പേരക്കുട്ടികളും മണ്ണിനടിയിൽ കിടക്കുമ്പോൾ അവർ എങ്ങനെ നെഞ്ചുതല്ലി കരയാതിരിക്കും.
താഴെ തെരച്ചിൽ നടക്കുമ്പോൾ എല്ലായിടത്തും ഓടിയെത്തി 'യാരെയാവത് കിടച്ചിരിക്കാ സാർ' എന്ന് ചോദിച്ചു കൊണ്ടേയിരുന്നു കറുപ്പായി. ഇവരുടെ ഭർത്താവ് ഷൺമുഖം തേയില കമ്പനി തൊഴിലാളിയാണ്. അവരും പെൺമക്കളായ സീതാലക്ഷ്മി, ശോഭന, കസ്തൂരി എന്നിവരുടെ കുടുംബങ്ങളും മുൻ വരിയിലെ അടുത്തടുത്ത മൂന്നു ലയങ്ങളിലാണ് താമസിച്ചിരുന്നത്. അഞ്ചുമാസം ഗർഭിണിയായിരുന്നു കസ്തൂരി.
കണ്ണുചിമ്മി തുറക്കും മുമ്പ് ഇവരുടെ ലയങ്ങളെ മണ്ണും ചെളിയും മൂടി. അറ്റത്തെ ലയത്തിലായിരുന്ന കറുപ്പായി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് അലറി വിളിച്ചെത്തുന്ന പെരുവെള്ളത്തെയായിരുന്നു. തപ്പിത്തടഞ്ഞ് കരപറ്റിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്നവർ പുഴയിൽ പതിച്ചിരുന്നു. കറുപ്പായിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരായ രാജ, പ്രവീഷ്, കണ്ണൻ, ചെറുമക്കളായ വിജയ ലക്ഷ്മി (9) വിഷ്ണു (9), നദിയ(11), പ്രിയദർശിനി, തനുഷ്ക, ലക്ഷ്ണശ്രീ എന്നിവരെയും കണ്ടുകിട്ടാനുണ്ട്.