രക്ഷാപ്രവർത്തനം നടത്താൻ തയ്യാറായി 'കേരളത്തിന്റെ സ്വന്തം സൈന്യ'മെത്തി: വള്ളങ്ങളുമായി പത്തനംതിട്ടയിൽ പൂർണസജ്ജം
പത്തനംതിട്ട: വെള്ളപൊക്കം രൂക്ഷമാകാനുള്ള സാദ്ധ്യത പരിഗണിച്ച് രക്ഷാപ്രവർത്തനത്തിന് തയ്യാറായി പത്തനംതിട്ടയിൽ മത്സ്യ തൊഴിലാളികളെത്തി. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ അടക്കം15 വള്ളങ്ങളാണ് ജില്ലയിലേക്ക് എത്തിച്ചേർന്നത്.
കൊല്ലം വാടി, തങ്കശേരി എന്നീ കടപ്പുറങ്ങളിലെ മത്സ്യതൊഴിലാളികളാണ് ഇവരെന്നാണ് വിവരം. രണ്ട് സംഘങ്ങളായി തിരിഞ്ഞ് തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും പുറപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. പത്തനംതിട്ടയിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നത് വരെ മത്സ്യത്തൊഴിലാളികൾ ജില്ലയിൽ തുടരും.
പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം സുരക്ഷ അവഗണിച്ചു നാടിന്റെ രക്ഷക്കായി എത്തിച്ചേർന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തെ ഹൃദയപൂർവം അഭിനന്ദിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒത്തൊരുമിച്ചു ഈ വെല്ലുവിളികളെ നമുക്ക് മറികടക്കാമെന്നും സർക്കാർ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.