അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തും: വ്യോമയാന മന്ത്രി

Saturday 08 August 2020 11:51 PM IST

ന്യൂഡൽഹി: കരിപ്പൂർ അപകടം സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് വ്യോമയാന ഡയറക്‌ടറേറ്റ് നേരത്തെ ചൂണ്ടിക്കാട്ടിയ എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. സുരക്ഷ അവഗണിച്ച് കേന്ദ്രസർക്കാർ വലിയ വിമാനങ്ങൾക്ക് ഇറക്കാൻ അനുമതി നൽകിയതാണ് അപകട കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.പിമാരായ ശശിതരൂർ,മണിക്കം ടാഗൂർ,റവ്‌നീത് സിംഗ് ബിട്ടു തുടങ്ങിയവർ ട്വിറ്ററിലൂടെ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. റൺവേയിലെ റബർ സാന്നിദ്ധ്യം,വെള്ളം കെട്ടിനിൽക്കൽ,വിള്ളലുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.