ആലപ്പുഴ: കാലവർഷം കനത്തതോടെ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയിൽ. ചേർത്തല ചേന്നംപള്ളിപ്പുറത്ത് രണ്ടര വയസുകാരൻ തോട്ടിൽ വീണു മരിച്ചു. ശോഭാലയത്തിൽ ലിജോ - നിമ്മി ദമ്പതികളുടെ മകൻ ലേതൽ ലിജോയാണ് മരിച്ചത്. വീട്ടുകാർ കാണാതെ തോട്ടിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രാമങ്കരി പഞ്ചായത്തിലെ വേഴപ്രയിൽ വൃദ്ധയെ വെള്ളത്തിൽ കാണാതായി. വീടിന് മുന്നിലെ എ.സി കനാലിൽ നിന്നു പുലർച്ചെ ബക്കറ്റിൽ വെള്ളമെടുക്കാനിറങ്ങിയ വേഴപ്ര സെറ്റിൽമെന്റ് കോളനി 140ൽ സരസ്വതിയെയാണ് (70) കാണാതായത്. ധരിച്ചിരുന്ന മുണ്ടും വെള്ളം കോരാൻ കരുതിയ ബക്കറ്റും കടവിൽ കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് ബന്ധുക്കൾ തെരച്ചിൽ തുടങ്ങിയത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ഇന്നലെ വൈകും വരെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സഹോദരി തങ്കമ്മയ്ക്കൊപ്പമായിരുന്നു താമസം. ആലപ്പുഴ പാതിരപ്പള്ളി സ്വദേശികളായ ഇവർ നാലു വർഷമായി പള്ളിപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.കുട്ടനാട്ടിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം ഭാഗികമായി നിലച്ചു. രാമങ്കരി, വെളിയനാട്, കാവാലം, കൈനകരി പഞ്ചായത്തുകളിലാണ് കടുത്ത ദുരിതം. ചെങ്ങന്നൂരിൽ 435 പേരാണ് ക്യാമ്പുകളിലുള്ളത്. കുട്ടനാട് താലൂക്കിൽ മൂന്നും മാവേലിക്കര താലൂക്കിൽ രണ്ടും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മങ്കൊമ്പ് തെക്കേക്കര, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി ഭാഗങ്ങൾ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ-സി റോഡ് വഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ മങ്കൊമ്പ് ബ്ളോക്ക് ജംഗ്ഷനിൽ അവസാനിപ്പിക്കും.ഏതു പ്രളയത്തെയും അതിജീവിക്കാൻ കഴിയും വിധം എ-സി റോഡ് പുനർനിർമിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിലൂടെ സർക്കാർ അനുമതി നൽകിയിരുന്നു. 624.48 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി സമർപ്പിച്ചെങ്കിലും സാങ്കേതിക അനുമതി കിട്ടിയില്ല.