ഇടതു മുന്നണിയിൽ തുറന്നടിച്ച് ഗണേശ്

Sunday 09 August 2020 1:25 AM IST

തിരുവനന്തപുരം: കേരള കോൺഗ്രസ്-ബിയെ തീർത്തും അവഗണിക്കുകയാണെന്ന് ഇടതുമുന്നണി യോഗത്തിൽ പാർട്ടിയുടെ നിയമസഭാകക്ഷിനേതാവ് കൂടിയായ കെ.ബി. ഗണേശ് കുമാർ തുറന്നടിച്ചു. പ്രതിഷേധമോ പരാതിയോ അല്ല, വസ്തുതകൾ പറയുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് പരിഭവങ്ങളുടെ കെട്ടഴിച്ചത്. ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള അറിയിച്ചതനുസരിച്ചാണ് അവതരിപ്പിക്കുന്നതെന്നും ഗണേശ് വ്യക്തമാക്കി. എല്ലാവരും കേട്ടിരുന്നതല്ലാതെ പ്രതികരണമുണ്ടായില്ല.സർക്കാരിൽ നിന്ന് ലഭിച്ചത് മുന്നാക്ക വികസന കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം മാത്രമാണ്. അതിലാകട്ടെ ഫണ്ട് പോലും ലഭ്യമാക്കുന്നില്ല. കാർ ചെയർമാൻ സ്വന്തം നിലയ്ക്ക് ഉപയോഗിക്കുന്നതാണ്. ധനകാര്യവകുപ്പാകട്ടെ രാവിലെ 10മണിക്ക് ഫണ്ട് അനുവദിച്ചുവെന്ന് പറയും 11മണിക്ക് പിൻവലിക്കും. ആരോഗ്യവകുപ്പിൽ നിന്നും തികഞ്ഞ അവഗണനയാണ്. താലൂക്കാശുപത്രിക്ക് പരിഗണനയില്ല. തന്റെ മണ്ഡലമായ പത്തനാപുരത്ത് ഒരു പൊലീസ് സ്റ്റേഷനോ മജിസ്ട്രേറ്റ് കോടതിയോ അനുവദിച്ചില്ല. തങ്ങൾ എത്തിയപ്പോൾ പത്തോളം പഞ്ചായത്ത് ഭരണസമിതികളാണ് എൽ.ഡി.എഫിലെത്തിയതെന്ന് ഓർക്കണം. എൻ.എസ്.എസുമായി ഏറ്റവുമടുപ്പമുള്ള ബാലകൃഷ്ണപിള്ള, ശബരിമല വിവാദമുണ്ടായ വേളയിൽ ഇടതുമുന്നണിക്കു വേണ്ടി വാദിച്ചുനടന്നു. ആ പരിഗണന പോലുമുണ്ടായില്ലെന്നും ഗണേശ് പരിഭവിച്ചു.ഗണേശ് ഇടതുമുന്നണിയിൽ നിരാശനാണെന്ന അഭ്യൂഹം നേരത്തേ ഉണ്ടായിരുന്നു. യു.ഡി.എഫിലേക്ക് പോകാൻ നീക്കം നടക്കുന്നതായും പ്രചാരണമുണ്ടായി. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വിമർശനം ശ്രദ്ധേയമാണ്.