റിസർവ് ബാങ്ക് ധനനയം എങ്ങനെ ബാധിക്കും?
മുഖ്യ പലിശനിരക്കുകൾ കുറച്ചില്ലെങ്കിലും നമ്മുടെ പണമിടപാടുകളെയും വായ്‌പകളെയും മാറ്റിമറിക്കുന്ന ഒട്ടേറെ നിർണായക പ്രഖ്യാപനങ്ങൾ കഴിഞ്ഞ ധനനയ നിർണയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മൂലം തിരിച്ചടവ് മുടങ്ങിയ വായ്‌പകളെ പുനഃക്രമീകരിക്കാമെന്നതാണ് പ്രധാന നിർദേശം. സ്വർണപ്പണയത്തിന്റെ ഈടുതുക നിലവിലെ 75 ശതമാനം വരെ എന്നതിൽ നിന്ന് 90 ശതമാനത്തിലേക്ക് ഉയർത്തി. കറന്റ് അക്കൗണ്ട് തുറക്കുന്നത് സംബന്ധിച്ച പുതിയ നിയന്ത്രണങ്ങളും ശ്രദ്ധേയം.
വായ്പാ പുനഃക്രമീകരണം
കൊവിഡ് മൂലം വായ്‌പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഈ നടപടി. ഉപഭോക്താവിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും വരുമാനവും കണക്കാക്കി വായ്‌പ പുനഃക്രമീകരിക്കാം. മാർച്ചുവരെ മുടക്കമില്ലാതെ വായ്‌പ തിരിച്ചടച്ചുവന്നവർക്കാണ് യോഗ്യത.
വായ്‌പാ തിരിച്ചടവിന് പുതിയ കാലക്രമം നിശ്‌ചയിക്കാം. പലിശബാദ്ധ്യത പുതിയ വായ്‌പയാക്കി മാറ്റാം. വായ്‌പാ തിരിച്ചടവ് കാലാവധി നീട്ടിയെടുക്കാം. നിലവിലെ മോറട്ടോറിയം ബാങ്കുകൾ അനുവദിക്കുമെങ്കിൽ രണ്ടുവർഷം വരെ നീട്ടാനുള്ള ഓപ്‌ഷനും ലഭ്യമാണ്.
സ്വർണപ്പണയത്തിന്
കൂടുതൽ പണം
സ്വർണപ്പണയത്തിന് 'ലോൺ ടു വാല്യു" (എൽ.ടി.വി) എന്ന നിബന്ധന റിസർവ് ബാങ്ക് നിശ്‌ചയിച്ചിട്ടുണ്ട്. വായ്പ നൽകുന്ന ബാങ്കുകളും മറ്ര് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താവ് പണയം വയ്ക്കുന്ന സ്വർണത്തിന്റെ വിപണി വിലയുടെ 75 ശതമാനം വരെ തുകയേ നൽകാവൂ എന്നായിരുന്നു വ്യവസ്ഥ. നിലവിലെ, സമ്പദ്‌ഞെരുക്കം കണക്കിലെടുത്ത് നടപ്പുവർഷത്തേക്ക് എൽ.ടി.വി 90 ശതമാനത്തിലേക്ക് ഉയർത്തി. നിലവിൽ, വിലയും റെക്കാഡ് ഉയരത്തിലായതിനാൽ സ്വർണം പണയം വയ്ക്കുമ്പോൾ കൂടുതൽ തുക ഇതുവഴി ലഭിക്കും.
ചെക്കിന് പോസിറ്റീവ് പേ
50,000 രൂപയോ അതിനുമുകളിലോ മൂല്യമുള്ള ചെക്കിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള പുതിയ ആശയമാണിത്. ചെക്ക് ഇഷ്യൂ ചെയ്യുന്നയാൾ ഉറപ്പുനൽകിയാൽ മാത്രമേ ഇനിമുതൽ ബാങ്കുകൾ അവ പാസാക്കൂ. ഇതിനായി, ചെക്ക് ഉടമ, ചെക്കിന്റെ മുന്നിലെയും പിന്നിലെയും ചിത്രങ്ങളെടുത്ത് ബാങ്കിന്റെ വെബ്‌സൈറ്റിലെ അനുബന്ധ ലിങ്കിൽ അപ്‌ലോഡ് ചെയ്യണം.
ഓഫ് ലൈൻ പേമെന്റ്
ഡിജിറ്റൽ പേമെന്റുകൾ വർദ്ധിച്ചെങ്കിലും ഇപ്പോഴും ഇന്റർനെറ്ര് ഇല്ലാത്തതോ വേണ്ടത്ര ഡേറ്റാ സ്‌പീഡ് ഇല്ലാത്തവയോ ആയ പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. ഇവിടങ്ങളിൽ, ഓഫ്‌ലൈൻ മോഡിൽ പണമിടപാട് നടത്താനുള്ള പരീക്ഷണം റിസർവ് ബാങ്ക് നടത്തും. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ മാത്രമാണ് കൈമാറാനാവുക.
കറന്റ് അക്കൗണ്ടിൽ നിയന്ത്രണം
കമ്പനികൾ/ബിസിനസുകാർ കറന്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും പുതിയ ചട്ടം റിസർവ് ബാങ്ക് കൊണ്ടുവന്നിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകൾക്ക് ഏറെ ഗുണകരമാണിത്. നിലവിൽ കാണുന്ന പ്രവണത, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾ പൊതുമേഖലാ ബാങ്കുകളിലും കറന്റ് അക്കൗണ്ട് സ്വകാര്യ ബാങ്കുകളിലും തുറക്കുന്നതാണ്.
അതായത്, പൊതുമേഖലാ ബാങ്കുകൾക്ക് ബാദ്ധ്യതയും സ്വകാര്യ ബാങ്കുകൾക്ക് ധനനേട്ടവുമാണ് ഒരേ അക്കൗണ്ടുടമയിൽ നിന്നുണ്ടാകുന്നത്. ഇതൊഴിവാക്കാനായി, ഉപഭോക്താവിന് കാഷ് ക്രെഡിറ്റ് അക്കൗണ്ടുള്ള ബാങ്കിൽ മാത്രമേ ഇനി മുതൽ കറന്റ് അക്കൗണ്ടും ആരംഭിക്കാനാകൂ എന്നതാണ് പുതിയ ചട്ടം.