ശബരിമലയിൽ നിറപുത്തരി ഭക്തിനിർഭരമായി
ശബരിമല: കോരിച്ചൊരിയുന്ന മഴയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നിറപുത്തരി പൂജ നടത്തി ശബരിമലനട അടച്ചു. മാളികപ്പുറത്തിന് സമീപത്തുനിന്ന് കൊയ്തെടുത്ത കതിർ കറ്റകളുമായി ഇന്നലെ പുലർച്ചെ മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരിയുടെയും സഹകാർമ്മികരുടെയും നേതൃത്വത്തിൽ പതിനെട്ടാംപടികയറി. പ്രദക്ഷിണത്തിന് ശേഷം കറ്റകൾ കിഴക്കേ മണ്ഡപത്തിൽ സമർപ്പിച്ചു. പൂജിച്ച നെൽക്കതിർ ശ്രീകോവിലിന് മുന്നിൽ കെട്ടിയ ശേഷം പ്രസാദമായും നൽകി. അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം ചൊല്ലി ഏഴരയോടെ നടയടച്ചു. ഇനി ചിങ്ങമാസ പൂജകൾക്കായി 16ന് വൈകിട്ട് നടതുറക്കും. അടുത്ത ഒരു വർഷത്തെ തന്ത്രിക ചുമതല കണ്ഠരര് രാജീവരര് ഏറ്റെടുക്കും.