കടുവയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Sunday 09 August 2020 11:14 PM IST
മുഖത്ത് മുറിവേറ്റ റേഞ്ച് ഓഫീസർ ടി.ശശികുമാർ

ചെതലയം റേഞ്ച് ഓഫീസർക്കും ഡ്രൈവർക്കും 'രണ്ടാംജന്മം'

സുൽത്താൻ ബത്തേരി: കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. ശശികുമാറിനും ഡ്രൈവർ മാനുവലിനും ഇത് രണ്ടാംജന്മം. രക്ഷയ്ക്ക് നിമിത്തമായത് ഹെൽമറ്റും ഷൂവും.

പുൽപ്പള്ളി ചാത്തമംഗലത്ത് കഴിഞ്ഞ ദിവസം ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കാട്ടിലേക്ക് തന്നെ തുരത്തിവിടാനുള്ള ശ്രമത്തിലായിരുന്നു വനപാലക സംഘം. കടുവയെ കണ്ടെന്ന് പറയുന്ന സ്ഥലത്തേക്ക് നടക്കവെ, പരിസരത്തെ ഒരു വീട്ടുകാരൻ നിർബന്ധിച്ച് റേഞ്ച് ഓഫീസർക്ക് ഹെൽമറ്റ് കൊടുത്തിരുന്നു. അതു തലയിൽ വെച്ച് മുന്നോട്ട് അൽപ്പദൂരം നീങ്ങിയതേയുണ്ടായിരുന്നുള്ളൂ. നിനച്ചിരിക്കാതെ കടുവ ശശികുമാറിനു മേൽ ചാടി വീണു. നിലത്ത് വീണ ശശികുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു കടുവ. സംഘത്തിലെ മറ്റു നാലു പേർ ഓടി മാറിയെങ്കിലും ഡ്രൈവർ മാനുവൽ ഓഫീസറെ രക്ഷിക്കാനായി കൈയിൽ കിട്ടിയ ഇരുമ്പ് കഷണം കടുവയ്ക്ക് നേരെ എറിഞ്ഞു. അതോടെ കടുവ മാനുവലിന് നേരെ തിരിഞ്ഞു. ഒന്നുരണ്ടു വട്ടം ദേഹത്ത് കടിച്ച് കുടഞ്ഞു. മാനുവലിന്റെ കാലിൽ പിടുത്തമിട്ടതോടെ ഊർന്നുപോയ ഷൂ കടിച്ചെടുത്ത് കടുവ പെട്ടെന്ന് ഓടി മറഞ്ഞു.
വനത്തിൽ പരിശോധനയ്ക്ക് പോകുമ്പോൾ ഇടാറുള്ള പ്രത്യേക ജാക്കറ്റ് ധരിച്ചിരുന്നു മാനുവൽ. അതുകൊണ്ട് ഗുരുതരമായ പരിക്കേൽക്കുന്നത് ഒഴിവായി. റേഞ്ച് ഓഫീസർ ശശി കുമാർ സാധാരണ മഴക്കോട്ട് മാത്രമാണ് ധരിച്ചിരുന്നത്. കടുവയുടെ വീശിയടി ഹെൽമറ്റിന് മേലെയായിരുന്നതിനാൽ ദേഹത്ത് വലിയ പരിക്കില്ല. മുഖത്ത് മുറിവേറ്റിട്ടുണ്ട്.