കൊവിഡ് ഭീതിയിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർ ആറ്റിൽ ചാടി

Sunday 09 August 2020 11:44 PM IST

മലയിൻകീഴ്: കൊവിഡ് ഭീതിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുണ്ടമൺകടവ് ആറ്റിൽ ചാടി. കുണ്ടമൺകടവ് ശിവകൃപയിൽ കൃഷ്ണകുമാറാണ്(55) വീട്ടിൽ കുറിപ്പെഴുതി വച്ച ശേഷം ആറ്റിൽചാടിയത്. 'വീട്ടിലുള്ളവർക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല,ഞാൻ പോകുന്നു' എന്നാണ് കുറിപ്പിലുള്ളതെന്ന് വിളപ്പിൽശാല എസ്.ഐ.ഷിബു പറഞ്ഞു. ഇന്നലെ രാവിലെ മുതലാണ് കൃഷ്ണകുമാറിനെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപമുള്ള നീലച്ചാംകടവിൽ നിന്ന് കൃഷ്ണകുമാറിന്റെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. ജനറൽ ആശുപത്രിക്ക് സമീപമുള്ള ഹെൽത്ത് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥാനാണ് ഇദ്ദേഹം.

സഹപ്രവർത്തകന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൃഷ്ണകുമാർ രണ്ട് ദിവസമായി ലീവിലായിരുന്നു. പരിശോധന നടത്തണമെന്ന് ഓഫീസിൽ നിന്ന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഇതിൽ കൃഷ്ണകുമാർ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിനായുള്ള തെരച്ചിൽ രാത്രി വെെകിയും തുടരുകയാണ്. അടിയൊഴുക്കും ശക്തമായ മഴയും തെരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കാട്ടാക്കട,ചെങ്കൽച്ചൂള സ്റ്റേഷനുകളിൽ നിന്നെത്തിയ സ്‌കൂബ ടീം അടക്കമുള്ളവരാണ് തെരച്ചിൽ നടത്തുന്നത്. തിരുവനന്തപുരം ഗവൺമെന്റ് പ്രസിലെ സൂപ്രണ്ട് പ്രിയയാണ് ഭാര്യ.മക്കൾ : ഗോകുൽ,ഗോവിന്ദ്.